ചിറ്റാരിക്കാൽ തയ്യേനി കിണറ്റിൽ മൃതദേഹം,കൊലയെന്ന് ഉറപ്പിച്ച് പോലീസ്
കാഞ്ഞങ്ങാട്: ചിറ്റാരിക്കാല്‍ തയ്യേനി ആലടി കോളനിയിലെ കുഞ്ഞിക്കണ്ണന്റെ മകന് പി. കെ. മനുവിന്റെ 30, മൃതദേഹം പൂര്‍ണ്ണ നഗ്നനാക്കപ്പെട്ട നിലയില്‍ തയ്യേനി പോത്തനാം പാറയിലെ ജോണിന്റെ കിണറ്റില്‍ കാണപ്പെട്ട സംഭവം കൊലപാതകമാണെന്നുറപ്പിക്കുന്നതിന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് പോലീസ് .
ചിറ്റാരിക്കാല്‍ എസ്ഐ, കെ.പ്രശാന്ത് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്ന് പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതോടെ മരണവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ ചിത്രം വ്യക്തമാവും. മരണം കൊലപാതകമാണെന്ന്, തുടക്കത്തില്‍ തന്നെ പോലീസ് ഉറപ്പിക്കുന്നു. എന്നാല്‍ മൃതദേഹത്തിലൊരിടത്തും മരണത്തിന് കാരണമായ പരിക്കില്ലെന്നാണ് പോലീസ് നിഗമനം. വെള്ളരിക്കുണ്ട് പോലീസ് ഇന്‍സ്പെക്ടര്‍ പ്രേംസദന് അന്വേഷണത്തിന് നേതൃത്വം നല്‍കും കേസന്വേഷണം കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി. കെ. വിനോദിന്റെ മേല്‍നോട്ടത്തിലാവും.
മനുവിനെ കൊലപ്പെടുത്തിയ ശേഷം ജഡം കിണറ്റിലിട്ടതാകാനുള്ള സാധ്യതയോ, അതല്ലെങ്കില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയതാകമെന്ന നിഗമനങ്ങളിലാണ് പരിസരവാസികള്‍.ആത്മഹത്യ പൂര്‍ണ്ണമായും പോലീസ് തള്ളിക്കളയുന്നു. യുവാവ് ധരിച്ചിരുന്ന ബര്‍മൂഡയും, ലുങ്കിയും, തോര്‍ത്തും കിണറ്റിന് കരയിലും ,അടിവസ്ത്രമുള്‍പ്പെടെ കാണപ്പെടാതെ, പൂര്‍ണ്ണ നഗ്നനായി മൃതദേഹം ആറ് മീറ്റര്‍ ആഴമുള്ള കിണറ്റില്‍ കണ്ടത് ഇന്നലെ രാവിലെ 9 മണിയോടെയാണ്.
ഒരു കിലോ മീറ്റര്‍ അകലെയുള്ള ആലടിയിലെ വീട്ടില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ 2 മണിക്കും 3 മണിക്കുമിടയിലാണ് മനു പുറത്തേക്ക് പോയതെന്ന് വീട്ടില്‍ ഈ സമയത്തുണ്ടായിരുന്ന മാതാപിതാക്കള്‍ വ്യക്തമാക്കിയിരുന്നു. മനുവിനെ ആരെങ്കിലും വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ടു പോയതിന് തെളിവില്ല. മൃതദേഹത്തിലോ, കിണറ്റിന് സമീപം കണ്ട മറ്റ് വസ്ത്രങ്ങള്ക്കൊപ്പമോ മനുവിന്റെ അടിവസ്ത്രം കാണാനില്ലായിരുന്നു. ബന്ധുക്കളെയും നാട്ടുകാരെയും ചോദ്യം ചെയ്തതില്‍ മരണം സംബന്ധിച്ച് സൂചനകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.