കാഞ്ഞങ്ങാട് കല്ലൂരാവിയിൽ പ്രതികളെ പിടികൂടാനെത്തിയ പോലീസിനെ ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു,സംഘർഷം, പ്രതികൾ രക്ഷപ്പെട്ടു
കാഞ്ഞങ്ങാട്: മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ലഭിച്ചതിനെ തുടര്‍ന്ന് പ്രതികളെ പിടികൂടാനെത്തിയ പോലീസിനെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു.
കല്ലൂരാവി ബാവ നഗറിലെ മുഹമ്മദ് അസ്്ലമിനെ 44, വധിക്കാന്‍ ശ്രമിച്ച പ്രതികള്‍ ബാവ നഗറിലുണ്ടെന്ന് ടവര്‍ ലൊക്കേഷന്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ സന്ധ്യക്ക് ഹൊസ്ദുര്‍ഗില്‍ നിന്നും എസ്ഐ മാധവന്റെ നേതൃത്വത്തില്‍ പോലീസ് ബാവ നഗറിലെത്തിയത്. ഇവിടെ ഒരു വീട്ടില്‍ പ്രതികളിലൊരാളായ അനസ് ഉണ്ടെന്നുറപ്പിച്ച പോലീസ് പരിസരത്ത് തമ്പടിച്ചിരിക്കെ പ്രതി ഇവിടെ നിന്നും ഓടി രക്ഷപ്പെടുകയും മറ്റൊരു വീട്ടില്‍ അഭയം പ്രാപിക്കുകയും ചെയ്തു.
പ്രതിയുടെ പിന്നാലെയെത്തിയ പോലീസിനെയാണ് ഒരു സംഘം ആളുകള്‍ തടഞ്ഞത്. കാറുകളിലും ബൈക്കുകളിലുമെത്തിയ സംഘമാണ് പോലീസിനെ തടഞ്ഞത്. വിവരമറിഞ്ഞ് എസ്ഐ, പി. കെ. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ രാത്രി കൂടുതല്‍ പോലീസ് സ്ഥലത്തെത്തി.
മഫ്ടിയിലായിരുന്നതിനാല് പോലീസാണെന്നറിയാതെയാണ് തടഞ്ഞതെന്നായിരുന്നു സ്ഥലത്തുണ്ടായിരുന്നവര്‍ പോലീസിനോട് പറഞ്ഞത്. സ്ത്രീകള്‍ ഉള്‍പ്പടെ രാത്രി സ്ഥലത്ത് തടിച്ച് കൂടി. ഏറെ നേരം സംഘര്‍ഷമുണ്ടായി. ഇതിനിടയില്‍ പ്രതികള്‍ രക്ഷപ്പെടുകയും ചെയ്തു. അജാനൂര്‍ കൊത്തിക്കാലില്‍ പ്രതികള്‍ ഒളിവില്‍ കഴിയുകയായിരുന്ന അടച്ചിട്ട വീട് കഴിഞ്ഞ ദിവസം പോലീസ് വളഞ്ഞിരുന്നു.