കാഞ്ഞങ്ങാട് മാതോത്ത് ക്ഷേത്രത്തില്‍ ഒരു ദിവസം മൂന്ന് കല്ല്യാണം കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമെന്ന് പരാതി
കാഞ്ഞങ്ങാട്: ഒരു ഭാഗത്ത് കോവിഡ് നിയമങ്ങൾ പോലീസും, നഗരസഭയുടെ മാഷ് ഗാർഡുകളും കർശനമാക്കുമ്പോൾ, മറുഭാഗത്ത് കോവിഡ് നിയമം കാറ്റിൽപ്പറത്തി കാഞ്ഞങ്ങാട് സൗത്തിലെ മാതോത്ത് ക്ഷേത്രത്തിൽ ഒറ്റ ദിവസം നടത്തിയത് മൂന്ന് കല്ല്യാണങ്ങൾ.
ഒക്ടോബർ 28-ന് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 12-30 മണി വരെ ക്ഷേത്രത്തിനകത്ത് നൂറ്റമ്പതോളം ആൾക്കാരെ പ്രവേശിപ്പിച്ചാണ് മാറിമാറി മൂന്ന് കല്ല്യാണങ്ങൾ ഒരേ സമയം നടത്തിയത്. ക്ഷേത്രത്തിലേക്ക് അമ്പതോളം വാഹനങ്ങളിലാണ് വിവാഹ പാർട്ടിക്കാർ ഈ ദിവസം എത്തിച്ചേർന്നത്.
കോവിഡ് കാലത്തിന് മുമ്പ് നടത്താറുള്ള അതേ രീതിയിൽ യാതൊരു നിയന്ത്രണവുമില്ലാതെ വരന്റെയും വധുവിന്റെയും ഒപ്പമെത്തിയ മുഴുവൻ ആൾക്കാരെയും ക്ഷേത്രത്തിനകത്ത് കടത്തിയാണ് മൂന്ന് കല്ല്യാണങ്ങളും നടന്നിട്ടുള്ളത്.
കോവിഡ് നിയമങ്ങൾ ജനങ്ങൾ ലംഘിക്കുന്നുണ്ടോയെന്നറിയാൻ നഗരസഭ കേന്ദ്രീകരിച്ച് രൂപീകരിച്ചിട്ടുള്ള മാഷ് പദ്ധതിയിലെ സ്ക്വാഡ് പ്രവർത്തകർ ആദ്യ വിവാഹ സമയത്ത് തന്നെ ക്ഷേത്രത്തിലെത്തിയെങ്കിലും, വിവാഹം തടയാനുള്ള അധികാരം മാഷ് സ്ക്വാഡിനില്ലാത്തതിനാൽ, തക്ക സമയത്ത് തന്നെ അവർ ഈ വിവരം പോലീസിലറിയിച്ചുവെങ്കിലും, എന്തുകൊണ്ടോ ക്ഷേത്ര വിവാഹത്തിലിടപെടാൻ പോലീസും തയ്യാറായില്ല.
മൂന്ന് വിവാഹങ്ങളും സാധാരണ രീതിയിൽ നടത്തി ഉച്ചയ്ക്ക് രണ്ട് മണിയോടെ വരനും വധുവും വിവാഹപാർട്ടിയും, വന്ന വാഹനങ്ങളിൽത്തന്നെ തിരിച്ചു പോവുകയും ചെയ്തു. മാതോത്ത് ക്ഷേത്രക്കമ്മിറ്റി പ്രസിഡണ്ട് തൊട്ടടുത്ത് താമസിക്കുന്ന ഹോമിയോ ഡോക്ടർ സുധാകരനുമായി മാഷ് പ്രവർത്തകർ ബന്ധപ്പെട്ടപ്പോൾ, ക്ഷേത്രത്തിൽ നടന്ന വിവാഹത്തെക്കുറിച്ച് തനിക്കൊന്നു മറിയില്ലെന്നാണ് ഡോക്ടർ പ്രതികരിച്ചത്.
മൂന്ന് കല്ല്യാണങ്ങൾ ഒരേ സമയത്ത് നടത്തിക്കൊടുക്കുക വഴി കടുത്ത കോവിഡ് പ്രോട്ടോക്കോൾ ലംഘനമാണ് മാതോത്ത് ക്ഷേത്രത്തിൽ നടന്നിട്ടുള്ളത് . കോവിഡ് നിയമലംഘനത്തിന് ക്ഷേത്ര പൂജാരിക്കും, ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾക്കും പോലീസ് നോട്ടീസ് കൊടുക്കാനിടയുണ്ട്.