മയക്കുമരുന്ന് കേസുകളില്‍ പ്രതിയുടെ കുറ്റസമ്മതം തെളിവാക്കാനാവില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: നര്‍കോട്ടിക് കേസുകളില്‍ അന്വേഷണോദ്യോഗസ്ഥനു മുന്നില്‍ പ്രതികള്‍ നടത്തുന്ന കുറ്റസമ്മതം വിചാരണവേളയില്‍ തെളിവായി സ്വീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സ് (എന്‍.ഡി.പി.എസ്.) പ്രതികളുടെ കുറ്റസമ്മതമൊഴി തെളിവായി സ്വീകരിക്കുന്നത് വ്യക്തിയുടെ സ്വകാര്യതയെന്ന മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റവും പ്രതിക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നതുമാവുമെന്ന് ഭൂരിപക്ഷ ബെഞ്ചിന്റെ വിധിയില്‍ ജസ്റ്റിസ് ആര്.എഫ്. നരിമാനും ജസ്റ്റിസ് നവീന്‍ സിന്‍ഹയും നിരീക്ഷിച്ചു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഇതിനോട് വിയോജിച്ചു.
എന്‍.ഡി.പി.എസ്. നിയമത്തിന്റെ 67-ാം വകുപ്പില്‍ ഒരാളുടെ കുറ്റസമ്മതം കേസില്‍ പ്രതിയാക്കാന്‍ അന്വേഷണ ഏജന്‍സിയെ സഹായിക്കുന്നതാണ്. കേന്ദ്ര എക്സൈസ്, നര്‍കോട്ടിക്സ്, കസ്റ്റംസ്, റവന്യൂ ഇന്റലിജന്‍സ്, അര്‍ധസൈനിക, സേനാ വിഭാഗങ്ങള്‍ക്ക് ഇതിനുള്ള അധികാരമുണ്ട്. ഇതില്ലാതാക്കിയാണ് ഇപ്പോള്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളത്. വ്യക്തിയുടെ സ്വകാര്യതയെ നിസ്സാരവത്കരിക്കാനാവില്ലെന്നും അങ്ങനെ ചെയ്താല്‍ അത് ഉദ്യോഗസ്ഥനെ ശിക്ഷിക്കേണ്ട കുറ്റമാവുമെന്നും കോടതി ചൂണ്ടിക്കാട്ടി.
പല കേസുകളിലും പ്രതികളെ പിടിക്കുമ്പോള്‍ സാക്ഷികളോ മറ്റോ ഉണ്ടാവാത്ത സാഹചര്യമുണ്ടാവാറുണ്ടെന്നും പ്രതികളാണെന്ന കൃത്യമായ ബോധം അന്വേഷണ ഏജന്‍സിക്കും പ്രതിക്കുമുള്ള കേസുകളിലാണ് പലപ്പോഴും കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ കോടതികളില്‍ ഇവരെ ഹാജരാക്കുന്നതെന്നും നര്‍കോട്ടിക് വൃത്തങ്ങള്‍ വിധിയോട് പ്രതികരിച്ചു. കുറ്റസമ്മതംകൊണ്ടുമാത്രം പ്രതികളെ കോടതികളില്‍ ഹാജരാക്കാനാവില്ലെന്നു വന്നാല്‍ അന്വേഷണസംവിധാനങ്ങള്ക്ക് ബുദ്ധിമുട്ടുണ്ടാവുമെന്നും ഇവര്‍ പ്രതികരിച്ചു.