എം സി കമറുദ്ദീന്റെ ജ്വല്ലറിത്തട്ടിപ്പ്: നിക്ഷേപകർക്ക് നൽകാൻ പണമില്ല; ലീഗിന് കൃത്യമായി അരലക്ഷംവീതം ലാഭവിഹിതം… !
അന്വേഷണം പ്രമുഖരിലേക്ക്.
തൃക്കരിപ്പൂർ :എം സി ഖമറുദ്ദീൻ എംഎൽഎയുടെ ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ നിക്ഷേപിച്ച പാവങ്ങൾക്ക് പണം തിരിച്ചുനൽകിയില്ലെങ്കിലും മുസ്ലിം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റിക്ക് ലാഭവിഹിതമായി മാസം അരലക്ഷം രൂപ വീതം നൽകി. ലീഗ് ജില്ലാ കമ്മിറ്റി 40 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്.
2019 മാർച്ച് വരെ 40,000 മുതൽ അരലക്ഷം രൂപവരെ ലാഭ വിഹിതമായി പാർടിക്ക് നൽകിയിട്ടുണ്ട്. നിക്ഷേപകർ പണത്തിനായി ജ്വല്ലറി ചെയർമാന്റെയും എംഡിയുടെയും വീടുകളിൽ കയറിയിറങ്ങുമ്പോഴാണിത്. അതിനിടെ കാഞ്ഞങ്ങാട്ടെ ഭൂമി ലീഗ് നേതാവിന്റെ പേരിലേക്ക് മാറ്റിയതിന്റെ രേഖ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം കണ്ടെത്തി. കാഞ്ഞങ്ങാട്ടെ ഒരു മുതിർന്ന നേതാവ് മൂന്നുകോടി രൂപയാണ് നിക്ഷേപിച്ചത്.
ജ്വല്ലറി പൂട്ടിയശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ കാഞ്ഞങ്ങാട്ടെ ജ്വല്ലറിയുടെ പേരിലുണ്ടായിരുന്ന ഭൂമിയും സ്ഥലവും ഇയാളുടെ അടുത്ത ബന്ധുവിന്റെ പേരിലാക്കിയതിന്റെ രേഖയാണ് കണ്ടെത്തിയത്. ജ്വല്ലറിത്തട്ടിപ്പിൽ ലീഗിലെ പല നേതാക്കൾക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ നേതാക്കളുടെ സാമ്പത്തിക സ്രോതസും അന്വേഷിക്കും. ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി, പ്രസിഡന്റ് ടി ഇ അബ്ദുല്ല, സെക്രട്ടറി എ അബ്ദുൾ റഹിമാൻ എന്നിവരെ ഉടൻ ചോദ്യംചെയ്യും. നിക്ഷേപകരായ മുതിർന്ന നേതാക്കളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. മാഹിൻ ഹാജി 80 ലക്ഷം രൂപയാണ് ജ്വല്ലറിയിൽ നിക്ഷേപിച്ചത്.
ബംഗളൂരുവിലെ 10 കോടിയുടെ വസ്തുവിന്റെ രേഖ, പയ്യന്നൂരിലെയും കാസർകോട്ടെയും ഭൂമിയുടെ രേഖകൾ, ജ്വല്ലറിയുടെപേരിലുള്ള വാഹനങ്ങൾ എന്നിവയൊക്കെ ലീഗ് ജില്ലാ നേതൃത്വത്തിന്റെ കൈവശമാണെന്നും അന്വേഷണസംഘത്തിന് മൊഴി ലഭിച്ചിട്ടുണ്ട്.