കാഞ്ഞങ്ങാട്ടെ പോക്സോ കോടതി ഉദ്ഘാടനം നവംബർ 2 ന്.
ജഡ്ജായി രാജൻ തട്ടിലിനെ നിയമിച്ചു
കാഞ്ഞങ്ങാട്: ഹൊസ്ദുർഗിൽ ആരംഭിക്കുന്ന പോക്സോ കോടതിയുടെ ഉദ്ഘാടനം നവംബർ 2-ന് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
കാസർകോട് അഡീഷണൽ-2 ജില്ലാ ജഡ്ജ് രാജൻ തട്ടിലിനെ പോക്സോ കോടതി ജഡ്ജിയായി ഹൈക്കോടതി നിയമിച്ചു. കാസർകോടിന് പുറമെ, ജില്ലയിൽ രണ്ടാമത്തെ പോക്സോ കോടതിയാണ് കാഞ്ഞങ്ങാട്ടേത്. ഉദ്ഘാടന ദിവസം രണ്ട് കേസ്സുകൾ കോടതി പരിഗണിക്കും.
ഹൊസ്ദുർഗ് കോടതി കോംപ്ലക്സിൽ നേരത്തെ ബാർ അസോസിയേഷൻ പ്രവർത്തിച്ച കെട്ടിടത്തിലാണ് പോക്സോ കോടതി പ്രവർത്തിക്കുക. ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ പത്ത് പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന പോക്സോ കേസ്സുകൾ കാസർകോട് പോക്സോ കോടതിയിലാണിപ്പോൾ വാദം കേൾക്കുന്നത്. ഹൊസ്ദുർഗിൽ പുതിയ കോടതി പ്രവർത്തനമാരംഭിച്ചതോടെ ഇരു താലൂക്കുകളിലെ പോലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്യുന്ന കേസ്സുകൾ ഹൊസ്ദുർഗ് പോക്സോ കോടതിയിലായിരിക്കും ഇനി വിചാരണ.