പെരിയയില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രകടനം; പിന്നാലെ ഐ.എന്‍.ടി.യു.സി നേതാവിന് ഇന്റര്‍നെറ്റ് കോളിലൂടെ വധഭീഷണി; സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി
പെരിയ: സ്വര്‍ണ്ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്നാവശ്യപ്പെട്ട് പെരിയയില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രകടനം നടത്തിയതിന് പിന്നാലെ ഐ.എന്‍.ടി.യു.സി നേതാവിന് ഇന്റര്‍നെറ്റ് കോളിലൂടെ വധഭീഷണി. ഐ.എന്‍.ടി.യു.സി പുല്ലൂര്‍-പെരിയ മണ്ഡലം പ്രസിഡണ്ടും പെരിയയിലെ ഓട്ടോ ഡ്രൈവറുമായ ലക്ഷ്മി നാരായണനെയാണ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്
ഇതുസംബന്ധിച്ച് ബേക്കല്‍ പൊലീസിന് നല്കിയ പരാതി സൈബര്‍ സെല്ലിന് കൈമാറി. ഞങ്ങളുടെ നേതാവിന്റെ കോലം കത്തിക്കുമോ എന്ന് ചോദിച്ചാണ് ഭീഷണി മുഴക്കിയതെന്ന് ലക്ഷ്മി നാരായണന് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. കേട്ടാലറയ്ക്കുന്ന ഭാഷയിലുള്ള അസഭ്യത്തോടെയായിരുന്നു ഭീഷണിയെന്ന് പരാതിയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രകടനത്തില്‍ താന്‍ പങ്കെടുത്തിരുന്നില്ലെന്നാണ് ലക്ഷ്മി നാരായണന് പറയുന്നത്. ഭീഷണി സംബന്ധിച്ച് സൈബര്‍ സെല്‍ അന്വേഷണം ഊര്‍ജിതമാക്കി