ഇന്നലെ ശിവശങ്കർ,ഇന്ന് ബിനീഷ് കോടിയേരി, ബിനീഷ് ഇ ഡി കസ്റ്റഡിയിലായത് മയക്കുമരുന്ന് കേസിൽ
ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ മുതല്‍ ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്ത് വരികയായിരുന്നു. ഇന്ന് രണ്ടാം തവണയാണ് ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് മുന്നില്‍ ബിനീഷ് ഹാജരായത്. കഴിഞ്ഞതവണ ചോദ്യം ചെയ്യല്‍ നടന്ന ശാന്തി നഗറിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സോണല്‍ ഓഫീസിലാണ് ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി എത്തിയത്. വളരെ രഹസ്യമായി പത്ത് മണിക്ക് ഇ ഡി ഓഫീസിലെത്തിയ ബിനീഷിനെ ഉച്ചയ്ക്ക് രണ്ടേക്കാലോടെയാണ് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തത്.ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുളളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് അനൂപ് എന്‍ഫോഴ്സമെന്റിന് നല്കിയ മൊഴിയാണ് ബിനീഷിനെതിരായ പ്രധാന തെളിവായി മാറിയത്. പരപ്പന അഗ്രഹാര ജയിലില്‍ വച്ച് നടന്ന എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിലായിരുന്നു പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍.അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി ബിനീഷിലേക്കെത്തിയത്. ഹോട്ടല്‍ തുടങ്ങാന്‍ ഉള്‍പ്പടെ പല ആവശ്യങ്ങള്‍ക്കും ബിനീഷ് നിരവധി തവണ പണം നല്‍കിയിരുന്നതായി അനൂപ് മൊഴി നല്‍കിയിട്ടുണ്ട്. ഈ പണത്തിന്റെ ഉറവിടവും, മറ്റ് പണമിടപാടുകളെപ്പറ്റിയുളള വിവരങ്ങള്‍ക്കുമായാണ് ബിനീഷിനെ എനഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്.
നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ രജിസ്റ്റര്‍ ചെയ്ത ബംഗളൂരു മയക്കുമരുന്ന് ഇടപാട് കേസിലെയും, സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കന്നഡ സിനിമ മേഖലയിലെ ലഹരി ഇടപാട് കേസിലെയും അനധികൃത പണമിടപാടുകളും, ഹവാല ഇടപാടുകളുമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.