അടിതെറ്റി വീഴുന്നത് പിണറായിയുടെ വിശ്വസ്തൻ, എൽഡിഎഫ് സർക്കാരിലെ ചോദ്യം ചെയ്യപ്പെടാ നാവാത്ത കരുത്തൻ
തിരുവനന്തപുരം: നാല് വർഷത്തിലേറെക്കാലം സർക്കാർ തലപ്പത്തെ ചോദ്യം ചെയ്യപ്പെടാത്ത അധികാരകേന്ദ്രമായ നിന്ന വ്യക്തിയുടെ അസാധാരണ വീഴ്ചയാണ് എം.ശിവശങ്കറിലൂടെ ലോകം ഇപ്പോൾ കാണുന്നത്. കേരള മുഖ്യമന്ത്രിമാരുടെ പട്ടികയിൽ ഏറ്റവും കാർക്കശ്യക്കാരനായ മുഖ്യമന്ത്രിയെന്ന പറയാവുന്ന പിണറായി വിജയൻ്റെ ഭരണത്തിൽ ഏറ്റവും സ്വാധീനമുള്ള അധികാരകേന്ദ്രമായിരുന്നു എം.ശിവശങ്കർ.
നായനാർ മന്ത്രിസഭയിൽ പിണറായി വൈദ്യുതിമന്ത്രിയായിരുന്ന കാലത്ത് വകുപ്പ് സെക്രട്ടറിയായി ഒപ്പം പ്രവർത്തിച്ചപ്പോൾ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള അടുപ്പം. 2016-ൽ പിണറായി വിജയൻ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വന്നപ്പോൾ അദ്ദേഹം തന്നെ കൈകാര്യം ചെയ്തിരുന്ന ഐടി വകുപ്പ് സെക്രട്ടറിയായി എം.ശിവശങ്കർ നിയമിതനായി. മുൻചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുമായി ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് പടിയിറങ്ങിയപ്പോൾ പകരം ആ സ്ഥാനത്തേക്ക് മുഖ്യമന്ത്രിക്ക് തെരഞ്ഞെടുത്തത് വിശ്വസ്തനായ ശിവശങ്കറെയാണ്.
സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനവും ഇടപെടലും ശക്തമാക്കാനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് മുൻകൈയ്യെടുത്ത്
എം.വി.ജയരാജനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു. എന്നാൽ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ പി.ജയരാജൻ വടകരയിൽ സ്ഥാനാർത്ഥിയായി വന്നതോടെ പാർട്ടി എം.വി.ജയരാജനെ ആ സ്ഥാനത്ത് നിയമിച്ചു. നളിനി നെറ്റോയും പിറകേ എംവി ജയരാജനും പോയതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും കരുത്തനായി എം.ശിവശങ്കർ മാറി മുഖ്യമന്ത്രിയുടെ നേരിട്ടുള്ള സംരക്ഷണം ഉണ്ടായിരുന്നതിനാൽ സിപിഎം നേതൃത്വത്തിനും അദ്ദേഹത്തിന് മേൽ വലിയ പിടി കിട്ടിയില്ല.
കെ-ഫോൺ അടക്കം സംസ്ഥാന സർക്കാരിൻ്റെ വളരെ നിർണായകമായ പല പദ്ധതികൾക്കും ചുക്കാൻ പിടിച്ചിരുന്നത് എം.ശിവശങ്കറായിരുന്നു. കേരള കേഡറിലെ ഏറ്റവും സ്വാധീനമുള്ള ഐഎഎസ് ഓഫീസറായി അദ്ദേഹം വിലയിരുത്തപ്പെട്ടു. മാധ്യമങ്ങളിൽ അപൂർവ്വമായി പ്രത്യക്ഷപ്പെടുന്ന വളരെ ശ്രദ്ധയോടെ സംസാരിച്ച് പൊതുശ്രദ്ധയിൽ നിന്നും മാറി നിന്നു പ്രവർത്തിച്ച ശിവശങ്കറിന് മികച്ചൊരു സിവിൽ സർവൻ്റ് എന്ന പ്രതിച്ഛായയാണ് ഇക്കാലമത്രയും ഉണ്ടായിരുന്നത്.
കൊവിഡ് രോഗികളുടെ വിവരം കൈകാര്യം ചെയ്യാൻ സ്പ്രിംഗ്ളർ എന്ന സ്വകാര്യ കമ്പനിയുമായി ഐടി വകുപ്പ് ഒപ്പിട്ട കരാറാണ് ശിവശങ്കറിന് ആദ്യത്തെ അടിയായി മാറിയത്. സർക്കാർ പ്രട്ടോക്കോളുകൾ പാലിക്കാതെ ശിവശങ്കർ സ്വന്തം നിലയിൽ താത്പര്യമെടുത്ത് കരാറിൽ ഒപ്പിട്ടു എന്നു വിമർശനം ഉയർന്നു. എന്നാൽ വിശ്വസ്തനായ ഉദ്യോഗസ്ഥന് നേരെ ഉയർന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി തന്നെ പ്രതിരോധവുമായി രംഗത്ത് എത്തി. വിഷയത്തിൽ ഇടഞ്ഞ ഘടകകക്ഷിയായ സിപിഐയ അനുനയിപ്പിക്കാൻ എംഎൻ സ്മാരകത്തിൽ മുഖ്യമന്ത്രിയുടെ ദൂതനായി ശിവശങ്കർ എത്തുകയും കാനം രജേന്ദ്രനെ നേരിൽ കണ്ട് സംസാരിക്കുകയും ചെയ്തു.
സ്പ്രിംഗ്ളർ വിവാദം കത്തിത്തീരുന്നതിന് മുൻപാണ് ഇടതുസർക്കാരിനെ കീഴ്മേൽ മറിച്ചു കൊണ്ട് സ്വർണക്കടത്ത് കേസ് രംഗത്തു വരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രചാനൽ വഴി യുഎഇ കോൺസുലേറ്റിൻ്റെ മേൽവിലാസത്തിൽ സ്വർണം കടത്തി കൊണ്ടു വന്നെന്ന കസ്റ്റംസിൻ്റെ കണ്ടെത്തൽ ദേശീയ രാഷ്ട്രീയത്തിൽ പോലും ഓളം സൃഷ്ടിച്ചു. കേസിൽ സർക്കാർ സ്ഥാപനമായ സൈബർ പാർക്കിലെ പ്രധാനിയായ സ്വപ്ന സുരേഷ് അറസ്റ്റിലാവുകയും അവരുടെ സംരക്ഷകനാണ് എം.ശിവശങ്കർ എന്ന് വെളിപ്പെടുകയും ചെയ്തതോടെ മുഖ്യമന്ത്രിയടക്കം ആരോപണനിഴലിലായി.
സ്വർണക്കടത്ത് വാളായി തനിക്ക് നേരെ വരുന്നുവെന്ന് ബോധ്യപ്പെട്ടതോടെ കടുത്ത നടപടികളിലേക്ക് മുഖ്യമന്ത്രി കടന്നു പ്രിൻസിപ്പൽ സെക്രട്ടറി, ഐടി വകുപ്പ് സെക്രട്ടറി സ്ഥാനങ്ങളിൽ നിന്നും എം.ശിവശങ്കർ നീക്കം ചെയ്യപ്പെട്ടു. കഴിവുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിൽ ശിവശങ്കറിനെ വിശ്വസിച്ചുവെന്നും എന്നാൽ തൻ്റെ വിശ്വാസം അയാൾ ദുരുപയോഗം ചെയ്തുവെന്നും മുഖ്യമന്ത്രി സിപിഎം സെക്രട്ടറിയേറ്റിൽ തുറന്നു പറഞ്ഞു.
ഈ വിവാദങ്ങൾക്ക് പിന്നാലെ ഒരു വർഷത്തെ അവധിക്കായി ശിവശങ്കർ അപേക്ഷ നൽകി. കസ്റ്റംസ്, ഇഡി, എൻഐഎ തുടങ്ങിയ കേന്ദ്രഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു ഇക്കാലമത്രയും ശിവശങ്കർ. കൊച്ചിയിലും തിരുവനന്തപുരത്തുമായി പോയ ആഴ്ചകളിൽ നൂറ് മണിക്കൂറോളം അദ്ദേഹം ചോദ്യം ചെയ്യപ്പെട്ടു. സ്വപ്ന, സരിത്ത്, സന്ദീപ് നായർ എന്നിവരുടെ മൊഴികളും ഫോൺ വിളികളും വാട്സാപ്പ് ചാറ്റുകളുമെല്ലാം ശിവശങ്കറിനെതിരെന്ന് വ്യക്തമായതോടെ അദ്ദേഹം ഏതു നിമിഷവും അറസ്റ്റ് ചെയ്യപ്പെടുമെന്ന് വ്യക്തമായിരുന്നു.
അദ്ദേഹത്തെ ഒരു തവണ അറസ്റ്റ് ചെയ്യാൻ കസ്റ്റംസ് നീക്കം നടത്തിയെങ്കിലും ദേഹാസ്വാസ്ഥ്യം അനുവഭപ്പെട്ടതിനെ തുടർന്ന് അതു പരാജയപ്പെട്ടു. ഇതിനിടെ മുൻകൂർജാമ്യം തേടി ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്ര ഏജൻസികളുടെ എതിർപ്പിനെ തുടർന്ന് ഹൈക്കോടതി അതു തടഞ്ഞു. ഇപ്പോൾ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഇഡി ശിവശങ്കറെ കസ്റ്റഡിയിലെടുത്തു കഴിഞ്ഞു. ഇനി അറസ്റ്റ് രേഖപ്പെടുത്തുക എന്ന സ്വാഭാവിക നടപടി ക്രമം മാത്രമാണ് ബാക്കി. പലതരം വാർത്തകളും വിവാദങ്ങളും സൃഷ്ടിച്ച ഒരുപാട് ഐഎഎസ് -ഐപിഎസ് ഉദ്യോഗസ്ഥർ കേരളത്തിലുണ്ടായിരുന്നു. എന്നാൽ ശിവശങ്കറിൻ്റേത് പോലെ അസാധാരണമായ ഉയർച്ചയും വീഴ്ച്ചയും സംഭവിച്ച മറ്റൊരാളില്ല തന്നെ….