കുറ്റപത്രത്തില്‍ പേര് വന്നാല്‍ എം എല്‍ എ സ്ഥാനം രാജിവെക്കും രാജ്യദ്രോഹ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകില്ല കാരാട്ട് റസാഖിന്റെ അഭിമുഖവുമായി കേരളകൗമുദി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കൊടുവളളിയിലെ ഇടത് എം.എല്‍.എ കാരാട്ട് റസാഖിനും പങ്കാളിത്തമുണ്ടെന്ന മൊഴി വന്നതോടെ കൂടുതല്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് സര്‍ക്കാരും സി.പി.എമ്മും. കേസില്‍ അറസ്റ്റിലായ പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ കസ്റ്റംസിന് നല്കിയ മൊഴിയിലാണ് കാരാട്ട് റസാഖിന്റെ പേര് പരാമര്‍ശിക്കുന്നത്. ചൂടുപിടിച്ച രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയില്‍ കാരാട്ട് റസാഖ് കേരളകൗമുദി ഓണ്‍ലൈനിനോട് സംസാരിക്കുന്നു.സന്ദീപിന്റെ ഭാര്യ താങ്കള്‍ക്കെതിരെ നല്‍കിയിരിക്കുന്ന മൊഴി വളരെയധികം ഗുരുതരമാണ്. രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടാനുളള ചങ്കുറപ്പ് കാരാട്ട് റസാഖിനുണ്ടോ?രാഷ്ട്രീയമായി നേരിട്ട് കൊണ്ടിരിക്കുകയാണ്. കൊടുവളളി മണ്ഡലത്തില്‍ എല്‍.ഡി.എഫിന്റെ സമരപരിപാടികള്‍ മുഴുവന്‍ പഞ്ചായത്തുകളിലും ആരംഭിച്ച് കഴിഞ്ഞു. പാര്‍ട്ടി കൂടിയാലോചിച്ച് കൂടുതല്‍ പരിപാടികള്‍ നടത്തും. നിയമപരമായ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. നിയമോപദേശം കിട്ടിയ ശേഷം കാര്യങ്ങളിലേക്ക് നീങ്ങും.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അമ്പരപ്പിക്കുന്ന വിജയം നേടിയ ഒരാളാണ്. ഇപ്പോള്‍ ഉണ്ടായ വിവാദം വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്യപ്പെട്ടുവെന്നാണ് താങ്കള്‍ പറയുന്നത്. എന്നാല്‍ ആരാണ് ഇതിന് പിന്നില്‍?മുസ്ലീം ലീഗും ബി.ജെ.പിയും തമ്മിലുളള കൂട്ടുകച്ചവടമാണിത്. വളഞ്ഞിട്ട് എന്നെ അടിക്കുകയാണ് അവരുടെ ലക്ഷ്യം. ആരോപണങ്ങള്‍ മാത്രമല്ല എന്നെ വധിക്കാന്‍ വരെ ശ്രമം നടത്തിയിട്ടുണ്ട്. പൊലീസിന്റെ സഹായം പലതവണ എനിക്ക് തേടേണ്ടി വന്നിട്ടുണ്ട്. ബി.ജെ.പിയെ കൂട്ടുപിടിച്ച് ഏതെല്ലാം രീതിയില്‍ എന്നെ തകര്‍ക്കാമോ അതെല്ലാം ലീഗ് ചെയ്യും. സ്ഥാനാര്‍ത്ഥിയായ സമയം മുതല്‍ എനിക്ക് വധഭീഷണിയുണ്ട്.ഈ കേസും കാര്യങ്ങളും തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ഭയമില്ലേ. കാര്യങ്ങള്‍ ഇനി എളുപ്പമായിരിക്കുമോ?കൊടുവളളിയില്‍ അടുത്ത തിരഞ്ഞെടുപ്പിലും വിജയ സാദ്ധ്യത എനിക്ക് തന്നെയാണ്. അത് ലീഗിനെ ഭയപ്പെടുത്തുന്നുണ്ട്. വീണ്ടും ലീഗിന്റെ കോട്ട പിടിച്ചടക്കും എന്ന പേടിയുണ്ട് അവര്‍ക്ക്. അതാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍.കാരാട്ട് ഫൈസലുമായി ബന്ധപ്പെട്ടാണ് ഈ വിവാദങ്ങള്‍ തുടങ്ങുന്നത്. അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്ന് താങ്കള്‍ ആവര്‍ത്തിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുളള കണക്ഷനുണ്ടോ?
കൊടുവളളി മുന്‍സിപ്പാലിറ്റിയിലെ കൗണ്‍സിലറാണ് അദ്ദേഹം. ഒരേ വാര്‍ഡിലാണ് ഞങ്ങളുടെ വീടുകളുളളത്. സ്വാഭാവികമായും കൊടുവളളിക്കാര് എന്ന ബന്ധമുണ്ടാകുമല്ലോ. ഞാന്‍ ലീഗില്‍ നില്ക്കുന്ന സമയത്തേ ഫൈസല്‍ ഇടതുപക്ഷത്തിന്റെ കൗണ്‍സിലറാണ്. കൗണ്‍സിലറെ അറിയാത്ത ആളായിരിക്കില്ലല്ലോ എം.എല്‍.എ. അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ഞാന്‍ അന്വേഷിക്കാറോ ഇടപെടാറോയില്ല. ഒരുപാട് കാരാട്ടുമാരുണ്ട്. വൃന്ദ കാരാട്ടും പ്രകാശ് കാരാട്ടുമൊക്കെയുണ്ട്. കാരാട്ടെന്ന് പറഞ്ഞാല്‍ ഉടന്‍ ഞാന്‍ എങ്ങനെയാണ് കാരാട്ട് ഫൈസലിന്റെ ബന്ധുവാകുന്നത്.കോടിയേരി കേരള യാത്രയ്ക്കിടെ നിങ്ങള്‍ക്കൊപ്പം ആ കൂപ്പര്‍ കാറില്‍ കയറിയത് മുതല്‍ കാരാട്ട് റസാഖ് ഒരു വിവാദ നായകനാണ്. തുടരെത്തുടരെ വിവാദങ്ങള്‍. ഈ വിവാദങ്ങളൊക്കെ നല്ലതാണോ?അത് എന്റെ കാറല്ല. കാരാട്ട് ഫൈസലിന്റെ കാറായാണ് പറയപ്പെടുന്നത്. ഒരു ജനപ്രതിനിധിയെ സംബന്ധിച്ചിടത്തോളം വിവാദങ്ങള്‍ എപ്പോഴും ഉണ്ടാകും. അത് സ്വാഭാവികമാണ്. എന്നാല്‍, എന്നെ സംബന്ധിച്ച് ലീഗുണ്ടാക്കുന്ന വിവാദങ്ങളാണ് എല്ലാം. ഓരോ വിവാദങ്ങളും എനിക്ക് അനുകൂലമായി മാറുക തന്നെ ചെയ്യും.വ്യവസായ ജീവിതം രാഷ്ട്രീയ ജീവിതത്തിന് ഭീഷണിയാണോ?ഞാനൊരു ബിസിനസുകാരനായിരുന്നു. പക്ഷേ, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ കൂടി പൊതുപ്രവര്‍ത്തനത്തിലേക്ക് എത്തിയപ്പോള്‍ അതില്‍ ഹരംപിടിച്ച ഒരാളാണ് ഞാന്‍. പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി പല തരത്തില്‍ ഒരുപാട് ആളുകളെ ഞാന്‍ സഹായിച്ചിട്ടുണ്ട്. ആളുകളെ സഹായിക്കാന്‍ പറ്റുന്നത് കൊണ്ടു തന്നെ വ്യവസായത്തെക്കാള്‍ എനിക്ക് താത്പര്യം പൊതുപ്രവര്‍ത്തനമാണ്.ലീഗിനെ കുറ്റം പറയുമ്പോഴും എണ്‍പതിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത എം.സി കമറുദ്ദീന്റെ മൊഴിയെടുക്കാന്‍ പോലും പിണറായിയുടെ പൊലീസ് തയ്യാറായിട്ടില്ല. എം.എല്‍.എ പറയുന്നതിന് നേര് വിപരീതമാണ് ബി.ജെ.പി പറയുന്നത്. സി.പി.എമ്മും ലീഗും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണെന്നാണ് അവരുടെ പക്ഷം.ജൂവലറിയുടെ ചെയര്‍മാനെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. രണ്ടാം ഘട്ടമെന്ന നിലയില്‍ എം.എല്‍.എയെ ചോദ്യം ചെയ്യുമെന്നാണ് മാദ്ധ്യമങ്ങളിലൂടെ കാണാന്‍ സാധിച്ചത്. ഘട്ടം ഘട്ടമായി പൊലീസ് എല്ലാം ചെയ്യും. അതില്‍ സി.പി.എം ലീഗ് കൂട്ടുകെട്ടില്ല.മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികളിലേക്ക് കേന്ദ്ര ഏജന്‍സികള്‍ നീങ്ങാന്‍ സാദ്ധ്യതയുണ്ട്. ഒരു പക്ഷേ കുറ്റപത്രത്തില്‍ എം.എല്‍.എയുടെ പേര് വരെ വന്നേക്കാം.കുറ്റപത്രത്തില്‍ പേര് വന്നാല്‍ തീര്‍ച്ചയായും ഞാന്‍ രാജിവയ്ക്കും. ഒരു എം.എല്‍.എ എന്ന നിലയില്‍ രാജ്യദ്രോഹകുറ്റം ഉണ്ടാകുന്ന ഒരു പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാന്‍ പാടില്ല. അത് വളരെ കര്‍ക്കശമായി പാലിക്കേണ്ട കാര്യമാണ്. ഇല്ലാത്തൊരു ആരോപണമാണ് എനിക്കെതിരെ വന്നിരിക്കുന്നത്. പ്രതിയുടെ ഭാര്യയാണ് എനിക്കെതിരെ പരാമര്‍ശം നടത്തിയിരിക്കുന്നത്. പ്രതികളാരും എനിക്കെതിരെ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. അങ്ങനെ പരാമര്‍ശം നടത്താനുളള ഒരു സാഹചര്യവും ഞങ്ങള്‍ തമ്മിലില്ല. പ്രതികളുമായോ സ്വര്‍ണക്കടത്തുമായോ എനിക്ക് യാതൊരു ബന്ധവുമില്ല. ഒരു അന്വേഷണ ഏജന്‍സിക്കും എന്നെ പ്രതിയാക്കാന്‍ സാധിക്കില്ല. സത്യസന്ധമായ അന്വേഷണം നടക്കുകയാണെങ്കില്‍ ഞാന്‍ പ്രതിയാകില്ല.സത്യസന്ധമായ അന്വേഷണം കേന്ദ്ര ഏജന്‍സികളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് വിശ്വസിക്കാമോ?കേന്ദ്ര ഏജന്‍സികളെ നമ്മള് സംശയിക്കേണ്ട കാര്യമില്ല.സി.ബി.ഐയെ സി.പി.എം പോളിറ്റ്ബ്യൂറോ കൂടി എതിര്ത്തിരിക്കുകയാണല്ലോ?സി.ബി.ഐ ആ അന്വേഷണം അനാവശ്യമായി ഏറ്റെടുത്തതാണ്. കോടതി പറഞ്ഞിട്ടോ സര്‍ക്കാര്‍ പറഞ്ഞിട്ടോ ഏറ്റെടുത്തതല്ല. ഒരു എം.എല്‍.എ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് ഏറ്റെടുത്തത് കൊണ്ടാണ് സര്‍ക്കാരിന് അങ്ങനെ ചിന്തിക്കേണ്ടി വന്നത്. മറിച്ച് സ്വര്‍ണക്കടത്ത് കേസില്‍ ഏത് കേന്ദ്ര ഏജന്‍സി വേണമെങ്കിലും അന്വേഷിക്കട്ടെ. അവരുടെ അന്വേഷണത്തെ വിശ്വസിക്കണം.കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ഉറപ്പിച്ച് പറയുകയാണ്. പിന്നെ എങ്ങനെയാണ് ഒരു ബന്ധവുമില്ലാത്ത ഒരാളുടെ പേര് മൊഴിയില്‍ വരുന്നത്.അത് ലീഗിന്റെയും ബി.ജെ.പിയുടെയും ഗൂഢാലോചനയാണ്. കുറേ കാലമായി ലീഗ് എന്നെ ഏതെങ്കിലും കേസില്‍ പ്രതിയാക്കാന്‍ നോക്കുകയാണ്. അതിനു വേണ്ടി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ ഉപയോഗപ്പെടുത്തി എന്നെ കുടുക്കുകയാണ്. പ്രതിയുടെ ഭാര്യയെ ഉപയോഗിച്ച് എന്നെ വീഴ്ത്താനുളള ശ്രമമാണിത്.ലീഗും ബി.ജെ.പിയും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന് പറഞ്ഞാല്‍ പെട്ടെന്ന് ആരെങ്കിലും വിശ്വസിക്കുമോ? എന്ത് അടിസ്ഥാനത്തിലാണ് ഈ പറയുന്നത്?കേരളത്തില്‍ ഇപ്പോള്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മിലുളള ബന്ധം എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. ഈ മൊഴിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണ്. ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റും യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റും മൂന്ന് മാസം മുമ്പേ കാരാട്ട് റസാഖ് പ്രതിയാണെന്ന് പറഞ്ഞ് കഴിഞ്ഞു. അന്വേഷണം ആരംഭിക്കും മുമ്പേ ഞാന്‍ പ്രതിയാണെന്ന് ഇവര്‍ എങ്ങനെയാണ് പറഞ്ഞത്. അത് കൂട്ടുകച്ചവടത്തിന്റെ ഭാഗമായാണ്.ഇവര്‍ എഴുതി കൊടുക്കുന്ന തിരക്കഥ അനുസരിച്ചാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എന്നാണോ പറഞ്ഞുവരുന്നത്?കേന്ദ്ര ഏജന്‍സികളെ വലിച്ചിഴയ്ക്കേണ്ട. പ്രതിയുടെ ഭാര്യ നല്കിയ മൊഴിയാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അതില്‍ ദുരൂഹതയുണ്ട്.താങ്കള്‍ക്കെതിരെ വലിയ നടപടികളിലേക്ക് ഒരുപക്ഷേ കേന്ദ്ര ഏജന്‍സികള്‍ പോയേക്കാം. തിരഞ്ഞെടുപ്പിന് മുമ്പ് അഗ്നിശുദ്ധി വരുത്താന്‍ കഴിയുമെന്നുളള വിശ്വാസമുണ്ടോ?
തിരഞ്ഞെടുപ്പിന് മുമ്പുളള വേട്ടയാടലാണ് ഇപ്പോള്‍ നടക്കുന്നത്. ഇനി ഇതുപോലെ ഒരുപാട് ഗൂഢാലോചനകള്‍ വരാന്‍ ബാക്കിയുണ്ട്. അതിനെയൊന്നും ഞങ്ങള്‍ ഭയപ്പെടുന്നില്ല. കാരണം മടിയില്‍ കനമില്ലാത്തവന് ഭയപ്പെടേണ്ട സാഹചര്യമില്ല.