മാണിയാട്ടെ പാർട്ടി കേന്ദ്രത്തിൽ സഹ. ബാങ്ക് സെക്രട്ടറിയെ ലോക്കൽ കമ്മിറ്റിയിൽനിന്ന് സിപിഎം പുറത്താക്കി
നടപടി അപവാദം പ്രചരിപ്പിച്ചതിന്
തൃക്കരിപ്പൂർ : സ്ഥാപനത്തിലെ ജീവനക്കാർക്കെതിരേ ബാങ്ക് സെക്രട്ടറി അപവാദപ്രചാരണം നടത്തിയെന്ന് പാർട്ടി അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ. ഇതേത്തുടർന്ന് സെക്രട്ടറിയെ സി.പി.എം. ലോക്കൽ കമ്മിറ്റിയിൽനിന്ന് പുറത്താക്കി. പിലിക്കോട് പഞ്ചായത്തിലെ മാണിയാട്ട് ലോക്കൽ കമ്മിറ്റിയിലാണ് മാസങ്ങളായി പുകഞ്ഞുകത്തിയ വിവാദത്തിനൊടുവിൽ പുറത്താക്കൽ.
പാർട്ടി നിയന്ത്രണത്തിലുള്ള മാണിയാട്ട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായ കെ.വി. രവീന്ദ്രനെയാണ് കഴിഞ്ഞ ദിവസം ചേർന്ന ലോക്കൽ കമ്മിറ്റി നീക്കിയത്. പാർട്ടിയുമായി ബന്ധമുള്ള സംഘടനകളിൽ തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ സ്ഥാനങ്ങളിൽനിന്നും നീക്കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ. തൃക്കരിപ്പൂർ ബ്ലോക്ക് മുൻ പ്രസിഡൻറാണ് രവീന്ദ്രൻ. ബാങ്കിലെ രണ്ട് ജീവനക്കാർക്കെതിരേ തെളിവുകൾ കൃത്രിമമായി ചമച്ച് അപവാദപ്രചാരണം നടത്തിയെന്നാണ് രവീന്ദ്രനെതിരേ പാർട്ടി കണ്ടെത്തിയ കുറ്റം.
അപവാദ പ്രചാരണത്തിന് സി.സി.ടി.വി. ദൃശ്യങ്ങൾ വ്യാജമായി ഉണ്ടാക്കുകയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ കൂട്ടുനിൽക്കുകയും ചെയ്തുവെന്നും കമ്മിഷൻ പറയുന്നു. മാസങ്ങൾക്ക് മുമ്പാണ് അപവാദപ്രചാരണം ഉയർന്നുവന്നത്. ഇതോടെ പാർട്ടി പ്രവർത്തകരിൽ പ്രതിഷേധം ഉയർന്നു. ഇല്ലാത്ത കഥകൾ സൃഷ്ടിച്ച് അപവാദപ്രചാരണം നടത്തിയവർക്കെതിരേ പാർട്ടി നേതൃത്വം നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഒരു ജീവനക്കാരി ബാങ്കിനകത്ത് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
പാർട്ടി ഗ്രാമത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള വിവാദം കൈവിട്ടുപോകുമോയെന്ന ഘട്ടത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മൂന്ന് അംഗ സമതിയെ നിയോഗിച്ചു. കെ.എസ്.ടി.എ. മുൻ ജില്ലാ പ്രസിഡന്റ് കെ. മോഹനൻ, പി. ചെറിയോൻ, കെ. വിജയൻ എന്നിവരടങ്ങിയ സമിതി പാർട്ടി അംഗങ്ങളിൽനിന്നും ഇതുമായി ബന്ധപ്പെട്ടവരിൽനിന്നുമൊക്കെ വിവരശേഖരണം നടത്തി.
20-ന് ചേർന്ന ലോക്കൽ കമ്മിറ്റിയിൽ അന്വേഷണ കമ്മിഷൻ കണ്ടെത്തിയ കാര്യങ്ങളും വിശദാംശങ്ങളും അവതരിപ്പിച്ചു. 23-ന് വീണ്ടും ചേർന്ന എൽ.സി. യോഗം കമ്മിഷന്റെ കണ്ടെത്തലുകളെ സ്ഥിരികരിക്കുകയും തുടർന്ന് പുറത്താക്കൽ നടപടി സ്വീകരിക്കുകയും ചെയ്തു. പുറത്താക്കൽ നടപടി ഇപ്പോൾ ബ്രാഞ്ച് യോഗങ്ങളിൽ റിപ്പോർട്ട് ചെയ്തുവരികയാണ്.