കാസർകോട് :ചെറുപുഴയിലെ കരാറുകാരന്റെ മരണത്തിൽ അറസ്റ്റിലായ അധ്യാപകൻ കെ റോഷി ജോസിനെ വിദ്യാഭ്യാസവകുപ്പ് സസ്പെൻഡ് ചെയ്തു. ഡിഡിഇയുടെ നിർദേശപ്രകാരം ഡിഇഒ സ്കൂൾ ഇദ്ദേഹം ജോലി ചെയ്യുന്ന പാലവയലിലെ എയ്ഡഡ് സ്കൂൾ മാനേജരോട് നപടി സ്വീകരിക്കാൻ നിർദേശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ പഞ്ചായത്ത് യോഗത്തിൽ അധ്യാപകനെതിരെ നടപടിയെടുക്കാത്തതിൽ വൻ വിമർശനം ഉയർന്നിരുന്നു. നിലവിൽ പോക്സോ കേസിലും പ്രതിയായ ഇദ്ദേഹത്തിനെതിരെ ജില്ലാ പഞ്ചായത്ത് ഇതുവരെ നടപടി സ്വീകരിക്കാത്തത് സിപിഐ എം പ്രതിനിധി ജോസ് പതാലിലാണ് വിഷയമാക്കിയത്.
ചെറുപുഴയിലെ കരാറുകാരൻ മുതുപാറക്കുന്നേൽ ജോസഫ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ റോഷിയെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. കെ കരുണാകരൻ ട്രസ്റ്റ് ഭാരവാഹിയായ റോഷിയടക്കം മൂന്നുപേർക്കെതിരെയാണ് കേസ്. ആറുമാസം മുമ്പ് പീഡനക്കേസിലും ഇയാൾ പ്രതിയായിരുന്നു. ഈ സമയത്ത് സസ്പെൻഷനിലായ റോഷിയെ ഒരുമാസം കഴിഞ്ഞപ്പോൾ തിരിച്ചെടുക്കുകയായിരുന്നു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള എയ്ഡഡ് സ്കൂളിലെ അധ്യാപകനാണ്. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നതെന്നും ജോസ് പതാലിൽ ചൂണ്ടിക്കാട്ടി. സസ്പെൻഷനിലായിരുന്ന സമയത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് ഉപഡയറക്ടർ. ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന സ്കൂളായതിനാൽ ഉടൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധം കനത്തതോടെ വിദ്യാഭ്യാസ ഉപഡയരക്ടറുമായി അധ്യക്ഷൻ ഫോണിൽ ബന്ധപ്പെട്ടു. ജില്ല വിദ്യാഭ്യാസ ഓഫീസർ സ്കൂളിലെ പ്രധാന അധ്യാപികയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചശേഷമേ നടപടി സ്വകരിക്കാനാവുമെന്ന് ഡിഡിഇ വ്യക്തമാക്കി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച സസ്പെൻഡ് ചെയ്തത്.