തദ്ദേശ തിരഞ്ഞെടുപ്പില്‍ മാസ്കിനും ഗ്ലൗസിനും വേണ്ടത് 12 കോടി
തിരുവന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന് ചെലവായി പ്രതീക്ഷിക്കുന്നത് 180 കോടി രൂപയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്. ഇതില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്തുന്ന 2 ലക്ഷത്തോളം ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി മാസ്ക്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ സജ്ജീകരണങ്ങളും ബൂത്തുകളിലേക്കുള്ള സാനിറ്റൈസറുകളും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ നിന്നും വാങ്ങാന്‍ വേണ്ടി വരുന്ന തുക 12 കോടിയോളമാണ്. അതേ സമയം, കൊവിഡ് സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ചെലവ് ഇനിയും വര്‍ദ്ധിച്ചേക്കാമെന്ന് കമ്മീഷന് പറയുന്നു.നവംബര്‍11നാണ് നിലവിലെ ഭരണസമിതികളുടെ കാലാവധി അവസാനിക്കുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് ഒരു മാസം നീട്ടാന്‍ സര്‍വകക്ഷി യോഗം തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ പകുതിയ്ക്ക് മുമ്പ് തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച ചര്‍ച്ച പുരോഗമിയ്ക്കുകയാണ്. പോസ്റ്റല്‍ ബാലറ്റിനാവശ്യമായ പേപ്പര്‍ വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിന് പൊലീസിനെ വിന്യസിക്കുന്നത് സംബന്ധിച്ച ചര്‍ച്ച തിരഞ്ഞെടുപ്പ് കമ്മിഷന് ഡി.ജി.പിയുമായി അടുത്താഴ്ച നടത്തും. ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ മതിയായ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിന് കഴിയുമോ എന്നതാണ് ചര്‍ച്ചയിലെ മുഖ്യ വിഷയം. ഒറ്റഘട്ടമായി നടത്തുന്നതില്‍ പൊലീസ് ബുദ്ധിമുട്ട് അറിയിക്കുകയാണെങ്കില്‍ രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തും.