കാസര്‍കോട് ഗവ. കോളേജിനിത് വികസന കാലം പൂര്‍ത്തിയായ പദ്ധതികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കാസര്‍കോട്:കാസര്‍കോട് ഗവണ്മെന്റ് കോളേജില്‍ റൂസ ഫണ്ട് വിനിയോഗിച്ച് പൂര്‍ത്തിയായ വിവിധ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ അധ്യക്ഷത വഹിച്ചു. റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്, രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്, കണ്ണൂര്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം എം സി രാജു, നഗരസഭാധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, ഗവണ്മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എ എല്‍ അനന്തപദ്മനാഭ, വാര്‍ഡ് കൗണ്‍സിലര്‍ കെ സവിത, അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ പി വി സുജീഷ്, റൂസ കോഡിനേറ്റര്‍ കെ വിജയന് സംബന്ധിച്ചു.
നൂറുദിന കര്‍മപരിപാടികളുടെ ഭാഗമായി സംസ്ഥാനത്ത് 111 കോടി രൂപ ചെലവഴിച്ച് 47 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ വികസിപ്പിച്ചതിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. റൂസ ഫണ്ട് ഒന്നാം ഘട്ടത്തിന്റെ ഭാഗമായി 1.98 കോടി രൂപയാണ് അനുവദിച്ചത്. ഈ ഫണ്ട് ഉപയോഗിച്ച് വിവിധ നിര്‍മാണ-നവീകരണ പ്രവര്‍ത്തനങ്ങള്‍ കോളേജില്‍ നടത്തുകയും ലബോറട്ടറികളിലേക്ക് ആവശ്യമായ നൂതന ഉപകരണങ്ങള്‍, ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ വാങ്ങുകയും ചെയ്തു. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ബോയ്സ് ടോയ്ലറ്റ് കോംപ്ലക്സ്, പിജി ബ്ലോക്ക് റൂഫ് നിര്‍മാണം, ഇന്റര്‍ലോക്ക് ചെയ്യല്‍, കാംപസ് സൗന്ദര്യവല്‍ക്കരണം എന്നീ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. കെമിസ്ട്രി എംഎസ്സി, ബിഎസ്്സി ലാബുകള്‍, ബോട്ടണി ലാബ്, ജിയോളജി മ്യൂസിയം, സുവോളജി മ്യൂസിയം, കന്നഡ മ്യൂസിയം, കോളേജ് മുറ്റം, ജനല്‍ വാതിലുകളുടെ അറ്റകുറ്റപ്പണി, ഡ്രെയ്നേജ് എന്നിവയാണ് നവീകരിച്ച് വികസിപ്പിച്ചത്. 1957ല്‍ സ്ഥാപിതമായ ഈ കോളേജില്‍ നിലവില്‍ 14 ബിരുദ കോഴ്സുകളും ഏഴ് ബിരുദാനന്തര ബിരുദ കോഴ്സുകളും ഏഴ് ഗവേഷണ വകുപ്പുകളും ഉണ്ട്. സംസ്ഥാനത്തെ സെന്റര്‍ ഓഫ് എക്സലന്‍സ് കോളേജുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഈ കോളേജിന് ഈ വര്‍ഷത്തെ എന്‍ഐആര്‍എഫ് റാങ്കിങില്‍ 83-ാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.