പ്രധാനമന്ത്രിയുടെ സ്കീമിൽ കർഷകരെന്ന പേരിൽ വ്യാജന്മാർ; കേന്ദ്രത്തിന് നഷ്ടമായത് 2400ഓളം കോടിയെന്ന് കണക്ക്
ന്യൂഡൽഹി: കർഷകർക്ക് പ്രതിവർഷം 6000 രൂപ ധനസഹായം നൽകുന്ന പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ നിറയെ വ്യാജന്മാർ. 2018 ഡിസംബർ മാസത്തിൽ പദ്ധതി പ്രഖ്യാപിച്ച ശേഷം നടത്തിയ പ്രാധമിക പരിശോധനയിൽ 12 ലക്ഷത്തോളം ഉപഭോക്താക്കൾ ആകെ ഉപഭോക്താക്കളുടെ നാല് ശതമാനം പേർ വ്യാജമാണെന്ന് കേന്ദ്ര കൃഷി മന്ത്രാലയം കണ്ടെത്തി. ചിലയിടങ്ങളിൽ പദ്ധതിക്ക് അപേക്ഷിക്കാത്തവരെ പോലും ഉപഭോക്താക്കളായി ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തി.പത്ത് കോടിയോളം പേർ പദ്ധതിയിൽ ചേർന്നിട്ടുണ്ടെന്നാണ് മുൻപ് നടത്തിയ കണ്ടെത്തൽ ഇതിൽ 40 ലക്ഷത്തോളം പേരെങ്കിലും വ്യാജമായിരിക്കുമെന്നാണ് കൃഷിമന്ത്രാലയത്തിന്റെ അടുത്തകാലത്ത് നടത്തിയ പഠനത്തിലെ കണ്ടെത്തൽ. ഇത്രപേർക്ക് പ്രതിവർഷം 6000 രൂപ നൽകിയതിലൂടെ സർക്കാരിന് 2400 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കണക്കുകൂട്ടൽ.ഏറ്റവുമധികം വ്യാജന്മാരുളള സംസ്ഥാനം ആസാം ആണ്. 2020-21 സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ 10,45,31,343 പേരാണ് രാജ്യത്ത് സ്കീമിൽ അംഗമായത്. ഇതിൽ 12,42,926 പേരുടെ വിവരങ്ങൾ പരിശോധനാ വിധേയമാക്കി. ഇതിൽ 11,84,902 പേർ യോഗ്യരായി കണ്ടെത്തി. 50,654 പേർ വ്യാജമാണെന്ന് കണ്ടെത്തി. 16 ശതമാനം അപേക്ഷകരും വ്യാജമായ അസാമിൽ ആണ് ഏറ്റവുമധികം വ്യാജന്മാർ. 26019 പേരാണിത്. ആകെ 1.61 ലക്ഷം പേരാണ് പദ്ധതിയിൽ അപേക്ഷിച്ചത്. ആന്ധ്രയിൽ 2.24 ലക്ഷം അപേക്ഷകരിൽ 12,291 പേർ വ്യാജമാണ്. മഹാരാഷ്ട്രയിൽ 1.64 പേരിൽ 2450 പേർ വ്യാജമാണ്. ഒഡീഷയിൽ 70,990 അപേക്ഷകരിൽ 6676 പേർ ആരെന്ന് കണ്ടെത്തിയില്ല. എന്നാൽ തമിഴ്നാട്ടിൽ 1.51 ലക്ഷം പേരിൽ 477 പേർ മാത്രമാണ് വ്യാജന്മാർ.മഹാരാഷ്ട്ര, തമിഴ്നാട്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഒഴികെ വിവിധ വലിയ സംസ്ഥാനങ്ങളിൽ പദ്ധതി പരിശോധനകൾക്ക് കൃഷിമന്ത്രാലയം ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇത്തരം വലിയ സംസ്ഥാനങ്ങളിലൊന്ന് ഉത്തർപ്രദേശ് ആണ്. 7.6 ലക്ഷം പദ്ധതി ഉപഭോക്താക്കളാണ് ഇവിടെയുളളത്. ബീഹാറിലും പശ്ചിമ ബംഗാളിലും ഇത് 1.35 ആണ്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കണക്കെടുത്താൽ 14ഓളം ഇടങ്ങളിൽ മാത്രമേ ഭാഗികമായോ പൂർണമായോ പദ്ധതി പരിശോധന നടത്തിയിട്ടുള്ളു. കൊവിഡ് രോഗത്തോട് പൊരുതുന്ന സമയമായതിനാൽ സംസ്ഥാനങ്ങൾക്ക് പദ്ധതിയോട് പൂർണ ശ്രദ്ധ നൽകാൻ കഴിയുന്നില്ല. ജില്ലാ കളക്ടർമാർക്കാണ് നിലവിൽ പദ്ധതിവിഹിതം വിതരണം ചെയ്യുന്നതിന്റെ ചുമതല. 100 ശതമാനം കേന്ദ്രം നൽകുന്ന ധനസഹായമാണിത്. പദ്ധതി ഗുണഭോക്താക്കളെ ചേർക്കുന്നത് സംസ്ഥാനങ്ങളുടെ ചുമതലയായതിനാൽ നഷ്ടമായ തുക തിരികെ പിരിച്ചെടുത്ത് നൽകേണ്ടതും സംസ്ഥാനങ്ങളാണ് എന്നാണ് കേന്ദ്രനിലപാട്.രണ്ട് ഹെക്ടർ വരെ ഭൂമി സ്വന്തമായുളള കൃഷിക്കാരെ സഹായിക്കാനാണ് കേന്ദ്രം ഈ പദ്ധതി ആരംഭിച്ചത്. എല്ലാ കൃഷിക്കാരിലും പദ്ധതി എത്തിക്കുമെന്ന് 2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി അറിയിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം തന്നെ 14.5 കോടി ജനങ്ങളിലേക്ക് പദ്ധതി എത്തിച്ചു. എന്നാൽ നിലവിൽ സ്കീം ലഭ്യമായിരിക്കുന്നത് 11.17 കോടി പേർക്കാണ്. 218-19ൽ 9 കോടി പേർക്ക് ഗുണം ലഭിക്കാൻ ആരംഭിച്ച പദ്ധതിയിൽ 3.15 കോടി പേർ ചേർന്നിരുന്നു.സർക്കാരുമായി ബന്ധമുളളവരോ, ഉദ്യോഗസ്ഥർക്കോ, ജനപ്രതിനിധികളുളള കർഷക കുടുംബങ്ങൾക്കോ, കഴിഞ്ഞ വർഷം ഇൻകംടാക്സ് നൽകിയവർക്കോ പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയില്ല. പല യോഗ്യരായവരും പദ്ധതിയിൽ നിന്ന് പുറത്തുപോയതായും വിദഗ്ധർ പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്.