ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എം.സി. കമറുദ്ദീന് എംഎല്‍എയുടെ ഹര്‍ജി ഹൈക്കോടതിയിൽ ഇന്ന്.
നിക്ഷേപകരുടെ സമരം ഇനി സെക്രെട്ടറിയറ്റിലേക്ക്
കാസർകോട് :ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി. കമറുദ്ദീന് എംഎല്‍എയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വഞ്ചനാകുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കമറുദ്ദീന് കോടതിയെ സമീപിച്ചത്. അതേസമയം, പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് നിക്ഷേപകരുടെ തീരുമാനം. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടലാണ് പരാതിക്കാര്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 27നാണ് മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീനെതിരെ ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ടു മാസം കഴിയുമ്പോഴേക്കും ചന്തേര, കാസര്‍ഗോഡ്, പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനുകളിലായി കേസുകളുടെ എണ്ണം 88 ആയി. ഇതിനിടെയാണ് തനിക്കെതിരായ വഞ്ചനാ കേസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന് ഹൈക്കോടതിയെ സമീപിച്ചത്. നിക്ഷേപകരുമായുള്ള കരാര്‍ പാലിക്കുന്നതില്‍ മാത്രമാണ് വീഴ്ച സംഭവിച്ചതെന്നും അത് സിവില്‍ കേസ് ആണെന്നും കമറുദ്ദീന് ഹൈക്കോടതിയെ അറയിച്ചു. എന്നാല്‍ ജ്വല്ലറി ചെയര്മാന് കമറുദ്ദീന് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം എതിര് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിനാവശ്യമായ തെളിവുകളും സംഘം ഒപ്പം സമര്‍പ്പിച്ചിട്ടുണ്ട്. നിക്ഷേപം സംബന്ധിച്ച വിശദാംശങ്ങളും സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. കേസില്‍ കോടതി നടപടികള്‍ കൂടി വന്നതോടെ എം.എല്‍.എയെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികള്‍ വീണ്ടും വൈകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നിക്ഷേപകര്‍ പ്രതിഷേധം ശക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ ഇടപെടലാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് സമരം വ്യാപിപ്പിക്കാനും ആലോചനയുണ്ട്. കഴിഞ്ഞ ദിവസം എംഎല്‍എയുടെയും ജ്വല്ലറി എംഡി പൂക്കോയ തങ്ങളുടെയും വസതിയിലേക്ക് നിക്ഷേപകര്‍ മാര്‍ച്ച് നടത്തിയിരുന്നു.