ദസറയ്ക്ക് രാവണന് പകരം മോദിയുടെ കോലം കത്തിച്ച് പഞ്ചാബിലെ കർഷകർ
പഞ്ചാബ് : ദസറയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പഞ്ചാബിലെ കര്‍ഷകര്‍. പുതിയ കാര്‍ഷിക നിയമത്തോടുള്ള പ്രതിഷേധമാണ് ഭാരതീയ കിസാന്‍ യൂണിയന്റെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ നടന്നത്. രാവണനെ കത്തിക്കുന്ന പരമ്പരാഗത രീതി അനുകരിച്ച് ദസറയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കുത്തക വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങിയവരുടെയും കോലമാണ് പഞ്ചാബിലെ കർഷകർ കത്തിച്ചത്.
ഭതിൻഡ, സംഗത്, സംഗ്രൂർ, ബർണാല, മലർകോട്ല, മന്‍സ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഇത്തരത്തില്‍ കോലം കത്തിച്ചു. ഹരിയാനയിലും സമാനമായ പ്രതിഷേധം നടന്നു. കർഷക സമരം ഒത്തുതീർക്കാൻ കഴിഞ്ഞയാഴ്ച കേന്ദ്രം കഴിഞ്ഞ ദിവസം സമര പ്രതിനിധികളെ ചർച്ചക്ക് ഡൽഹിയിലേക്ക് വിളിച്ചിരുന്നു. എന്നാൽ കൃഷിമന്ത്രിക്കു പകരം ഉദ്യോഗസ്ഥ നാണ് ചർച്ചയിൽ പങ്കെടുക്കാൻ എത്തിയതെന്നു കണ്ട സമര നേതാക്കൾ യോഗം ബഹിഷ്കരിച്ചു. കേന്ദ്രം കൊണ്ടുവന്ന നിയമത്തിന് ബദൽ നിയമനിർമാണം പഞ്ചാബ് നിയമസഭ പാസാക്കിയത് കഴിഞ്ഞ ദിവസമാണ്.
പ്രധാനമന്ത്രിയോട് കർഷകർക്ക് ഇത്തരത്തിൽ രോഷം തോന്നുന്നത് സങ്കടകരമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കർഷകരെ കേൾക്കാനും സാന്ത്വനം നൽകാനും പ്രധാനമന്ത്രി ശ്രദ്ധിക്കണമെന്നും രാഹുല്‍ പറഞ്ഞു.
എന്നാൽ കോലം കത്തിച്ചതിനു പിന്നിൽ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും കോൺഗ്രസുമാണെന്ന് ബിജെപി അദ്ധ്യക്ഷൻ ജെ.പി.നദ്ദ കുറ്റപ്പെടുത്തി.