കോട്ടയത്തെ എ ടി എം കൗണ്ടറില്‍ അബോധാവസ്ഥയില്‍ കണ്ട യുവാവ് മരിച്ചു
കോട്ടയം : മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപം കസ്തൂര്‍ബാ ജംക്ഷനിലെ എടിഎം കൗണ്ടറില്‍ അബോധാവസ്ഥയില്‍ കണ്ടയാള്‍ മരിച്ചു. പിണഞ്ചിറക്കുഴി മുട്ടത്തുക്കരി മാളികയില്‍ പരേതനായ തോമസിന്റെ മകന് സോയി തോമസ് (സോജിമോന്‍- 43) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണു സംഭവം. എടിഎം കൗണ്ടറില്‍ വീണുകിടക്കുന്ന നിലയിലാണു പിന്നീടു കൗണ്ടറില്‍ എത്തിയവര്‍ സോയിയെ കണ്ടത്. ഉടന്‍ പരിസരവാസികളും പൊലീസും എത്തി ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും മരിച്ചു.
മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡിനു മുന്നില്‍ പഴക്കടയും ലോട്ടറിത്തട്ടും നടത്തുകയായിരുന്നു സോയി. 2 വര്‍ഷമായി സോയിക്കു കടുത്ത നടുവേദന ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇതിനു മരുന്നു വാങ്ങുന്നതിന് എടിഎമ്മില്‍ നിന്നു പണം എടുക്കുന്നതിനു വേണ്ടിയാണു സോയി വീട്ടില്‍ നിന്ന് ഇറങ്ങിയത്. അവിവാഹിതനാണ്. സംസ്കാരം ഇന്ന് 2നു വില്ലൂന്നി സെന്റ് സേവ്യേഴ്സ് പള്ളിയില്‍. അമ്മ:സിസിലി (ആര്‍പ്പൂക്കര തൈപ്പറമ്പില്‍ കുടുംബാംഗം.) സഹോദരിമാര്‍: സോളി, സോഫി.