ഏത് ഇറച്ചി പിടിച്ചാലും പശുവിറച്ചി ; യോഗി സർക്കാർ ഗോവധ നിരോധനം ദുരുപയോഗം ചെയ്യുന്നു :തുറന്നടിച്ച് അലഹബാദ് ഹൈക്കോടതി
ന്യൂഡൽഹി: ഉത്തർപ്രദേശിൽ ഗോവധ നിരോധനനിയമം ദുരുപയോഗപ്പെടുത്തി നിരപരാധികളെ കേസിൽ കുടുക്കുന്നതായി അലഹബാദ് ഹൈക്കോടതി. കുറ്റാരോപിതർ ചെയ്തിട്ടില്ലാത്ത കുറ്റങ്ങളിൽ ജയിലുകളിൽ കഴിയേണ്ടതായും ഏഴ് വർഷം വരെ ശിക്ഷ അനുഭവിക്കേണ്ടി വരുന്നതായും ജസ്റ്റിസ് സിദ്ധാർഥ് നിരീക്ഷിച്ചു. എവിടെ നിന്നെങ്കിലും എന്തെങ്കിലും ഇറച്ചി കണ്ടെത്തിയാൽ അത് ഗോമാംസമാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നു. മിക്ക കേസുകളിലും ആവശ്യമായ പരിശോധന നടത്തുന്നില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഗോവധ നിരോധന നിയമപ്രകാരം അറസ്റ്റിലായ റഹ്മുദീൻ എന്നയാൾക്ക് ജാമ്യം അനുവദിച്ചാണ് ഹൈക്കോടതി സിംഗിൾബെഞ്ചിന്റെ ശ്രദ്ധേയ നിരീക്ഷണം.
അലഞ്ഞുതിരിയുന്ന പശുക്കൾ ഭീഷണി
അലഞ്ഞുതിരിയുന്ന കന്നുകാലികൾ പൊതുജനങ്ങൾക്കും സമൂഹത്തിനും സൃഷ്ടിക്കുന്ന പ്രയാസങ്ങൾ വലുതാണെന്ന് ജഡ്ജി ഉത്തരവിൽ ചൂണ്ടിക്കാട്ടി. കറവ വറ്റിയ പശുക്കളെയും പ്രായമായ പശുക്കളെയും ഗോശാലകൾ സ്വീകരിക്കുന്നില്ല. ഇത്തരം പശുക്കളെ ഉടമസ്ഥർ അഴിച്ചുവിടുന്നു. ചപ്പുചവറുകളും പ്ലാസ്റ്റിക്കും കഴിച്ചും ഓടവെള്ളം കുടിച്ചും അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഗതാഗത കുരുക്കും സൃഷ്ടിക്കുന്നു. നിരവധി അപകടങ്ങൾ ഉണ്ടായതായും ആളുകൾ മരിച്ചതായും റിപ്പോർട്ടുണ്ട്. പേടിച്ച് ആരും കന്നുകാലികളെ മറ്റിടങ്ങളിലേക്ക് കയറ്റിഅയക്കുന്നില്ല. മേച്ചിൽപ്പുറങ്ങൾ ഇല്ലാതായതോടെ ഇവ വിളകൾ തിന്നുതീർക്കുന്നു.
പിടിച്ചെടുക്കുന്ന പശുക്കളെ കുറിച്ച് അധികൃതർ കൃത്യമായ രേഖകൾ സൂക്ഷിക്കുന്നില്ല. പിടിച്ചെടുത്ത പശുക്കൾ എങ്ങോട്ടാണ് പോകുന്നതെന്ന് ആരും അറിയുന്നില്ലെന്നും ഹൈക്കോടതി വിമർശിച്ചു.