ദുബായ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നാട്ടില്‍ നിന്നും കടത്തിക്കൊണ്ടുവന്ന് പെണ്‍വാണിഭത്തിനായി ഉപയോഗിച്ചിരുന്ന വന്‍ സെക്സ് റാക്കറ്റ് സംഘത്തിന് ശിക്ഷ. പെണ്‍വാണിഭ സംഘത്തിലെ കണ്ണികളായ ബംഗ്ലാദേശ് സ്വദേശികളായ യുവാക്കള്‍ക്കാണ് ദുബായ് പ്രാഥമിക കോടതി ശിക്ഷ വിധിച്ചത്. 20നും 39നും ഇടയില്‍ പ്രായമുള്ള അഞ്ച് ബംഗ്ലദേശ് സ്വദേശികളാണ് കേസിലെ പ്രതികള്‍.
ദുബായിലെ നിശാക്ലബ്ബുകളില്‍ ഡാന്‍സര്‍മാരായി പ്രവര്‍ത്തിക്കുന്നത് കൗമാരക്കാരായ പെണ്‍കുട്ടികളാണെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഇവരെ പിടികൂടിയത്. ഈ വര്‍ഷം മാര്‍ച്ചിലാണ് ദുബായ് പോലീസ് റെയ്ഡ് നടത്തിയത്. പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ നിശാക്ലബ്ബില്‍ നിന്നും കണ്ടെത്തിയിരുന്നു. ക്ലബ്ബിന്റെ ഉടമസ്ഥനാണ് ആദ്യപ്രതി. പെണ്‍കുട്ടികളുടെ പാസ്പോര്ട്ടില് വയസ്സ് അടക്കമുള്ള രേഖകള്‍ തിരുത്തിയാണ് ദുബായിലെത്തിച്ചത്.
ഡാന്‍സര്‍ ആയി ജോലി ചെയ്യാനാണ് താന്‍ ദുബായിലേക്ക് വന്നതെന്ന് പതിനേഴുകാരി മൊഴി നല്‍കിയതായി പോലീസ് പറയുന്നു. 10 പേരുള്ള നാട്ടിലെ കുടുംബത്തെ സഹായിക്കാനാണ് താന്‍ ഈ ജോലിക്ക് വന്നതെന്നും കേസിലെ മുഖ്യപ്രതിയായ വ്യക്തിയാണ് പാസ്പോര്‍ട്ട് സംഘടിപ്പിച്ചതെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. ദുബായിലേക്ക് പോകാന്‍ ആവശ്യമായ പണം നല്‍കിയതതും ഇയാളാണെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇവിടെ എത്തിയ ശേഷം മറ്റു പെണ്‍കുട്ടികള്‍ക്കൊപ്പം ഒരു വീട്ടിലേക്ക് മാറ്റുകയായിരുന്നുവെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.