ഗോവധ നിരോധന നിയമത്തിന്റെ മറവില്‍ നിരപരാധികളെ കുടുക്കുന്നു വിമര്‍ശനവുമായി അലഹാബാദ്
ഹൈക്കോടതി
അലഹാബാദ്: ഉത്തര്‍പ്രദേശില്‍ ഗോവധ നിരോധന നിയമം നിരപരാധികളെ കുടുക്കാന്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് അലഹാബാദ് ഹൈക്കോടതി. ഈ നിയമത്തിലെ 3,5,8 വകുപ്പുകള്‍ പ്രകാരം, പശു കശാപ്പ്, ഗോ മാംസ വില്‍പ്പന എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത റഹീമുദ്ധീന്‍ എന്ന വ്യക്തിയുടെ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.
നിരപരാധികളെ കുടുക്കാന്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ് നിയമം. ഏത് മാംസം കണ്ടെത്തായാലും അത് ബീഫ് ആണെന്ന് പ്രഖ്യാപിക്കുകയാണ്. ഫോറന്‍സിക് പരിശോധനയ്ക്കു മുമ്ബാണ് ഈ തീര്‍പ്പു കല്‍പ്പിക്കല്‍. പലപ്പോഴും പിടിച്ചെടുക്കുന്ന മാംസം പരിശോധനയ്ക്കു പോലും അയക്കുന്നില്ല. ഒരു തെറ്റും ചെയ്യാത്തവര്‍ ജയിലില്‍ അടയ്ക്കപ്പെടുന്നു.-കോടതി ചൂണ്ടിക്കാട്ടി.
പശുവിനെ കൊന്നതിനും ബീഫ് കൈവശം വച്ചതിനും അറസ്റ്റ് ചെയ്യപ്പെട്ട റഹ്മുദ്ദീനെ മാംസം കണ്ടെടുത്ത സ്ഥലത്തുനിന്നല്ല അറസ്റ്റ് ചെയ്തതെന്നും എഫ്ഐആറില്‍ അത്തരം പരാമര്‍ശമില്ലെന്നും ഒരു മാസത്തില്‍ അധികമായി ജയിലില്‍ കഴിയുകയാണെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. റഹ്മുദ്ദീന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. കൂടാതെ, സംസ്ഥാനത്ത് ഉപേക്ഷിക്കപ്പെട്ട കന്നുകാലികളുടെയും വഴിതെറ്റിയ പശുക്കളുടെയും ഭീഷണിയെക്കുറിച്ചും ഹൈക്കോടതി സുപ്രധാന പരാമര്‍ശങ്ങള്‍ നടത്തി.
‘പശുക്കളെ വീണ്ടെടുത്തതായി കാണിക്കുമ്ബോഴെല്ലാം, ശരിയായ വീണ്ടെടുക്കല്‍ മെമ്മോ തയ്യാറാക്കുന്നില്ല, വീണ്ടെടുക്കലിനുശേഷം പശുക്കള്‍ എവിടേക്കാണ് പോകുന്നതെന്ന് ആര്‍ക്കും അറിയില്ല. കറവ വറ്റിയ പശുക്കളെയും പ്രായമായ പശുക്കളെയും ഗോ ശാലകള്‍ സ്വീകരിക്കുന്നില്ല. അവ റോഡുകളില്‍ അലഞ്ഞുതിരിയാന്‍ വിടുകയാണ്. അതുപോലെ, കറവ വറ്റിയ ശേഷം ഉടമകള്‍ പശുക്കളെ റോഡുകളില്‍ ഉപേക്ഷിക്കുകയാണ്. റോഡിലെ പശുക്കളും കന്നുകാലികളും ഗതാഗതത്തിന് ഭീഷണിയാണ്. നിരവധി മരണങ്ങളും ഇത്തരം കന്നുകാലികളാല്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലെ കന്നുകാലികളുടെ ഉടമസ്ഥര്‍ തീറ്റ നല്കാന് കഴിയാത്തതിനാല്‍ കറവ വറ്റിയവയെയും പ്രായമായവയേയും ഉപേക്ഷിക്കുകയാണ്. നാട്ടുകാരെയും പോലിസിനെയും ഭയന്ന് സംസ്ഥാനത്തിന് പുറത്ത് കൊണ്ടുപോകാന്‍ കഴിയില്ല. ഇപ്പോള്‍ മേച്ചില്പ്പുറങ്ങളില്ല. ഇവ വ്യാപകമായി വിളകള്‍ നശിപ്പിക്കുന്നതായും കോടതി നിരീക്ഷിച്ചു.