ആരോഗ്യപ്രവർത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ആത്മഹത്യാപരം: ആരോഗ്യമന്ത്രി
കോഴിക്കോട്: ആരോഗ്യപ്രവർത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ആത്മഹത്യാപരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ. കളമശ്ശേരി മെഡിക്കൽ കോളേജിലെ കൊവിഡ് രോഗി അശ്രദ്ധ മൂലം മരണപ്പെട്ടെന്ന് ആരോപണത്തെ സൂചിപ്പിച്ചു കൊണ്ടാണ് ആരോഗ്യമന്ത്രിയുടെ ഈ പ്രസ്താവന. കോഴിക്കോട് മെഡി.കോളേജിലെ കൊവിഡ് അവലോകന യോഗം കഴിഞ്ഞു സംസാരിക്കുകയായിരുന്നു മന്ത്രി.
കൊവിഡ് മരണനിരക്ക് കുറക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. രോഗികളുടെ എണ്ണം കൂടിയിട്ടും മരണനിരക്ക് കുറക്കാൻ കഴിഞ്ഞു. 0.4% മാത്രമാണ് കേരളത്തിലെ ഇപ്പോഴത്തെ മരണ നിരക്ക്. ആശുപത്രികളിൽ ഓക്സിജൻ ഉറപ്പാക്കാൻ വേണ്ടതെല്ലാം സർക്കാർ ചെയ്തിട്ടുണ്ട്. നിലവിൽ ഓക്സിജന് എവിടേയും ക്ഷാമമില്ല.
അടിയന്തര സാഹചര്യം നേരിടാൻ കൂടുതൽ ആരോഗ്യ പ്രവർത്തകരെ താത്കാലികമായി നിയമിക്കും. ആളുകളെ കിട്ടാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി. പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ എല്ലായിടത്തും തുടങ്ങും. ഇതിനായി ആയുഷ് വകുപ്പിനെയും ഉപയോഗിക്കും. അതിർത്തികളിലെ പരിശോധനയും കൂട്ടും. ആരോഗ്യ പ്രവർത്തകരെ രാഷട്രീയമായി ഉപയോഗിക്കുന്നത് ആത്മഹത്യാപരമാണെന്നും അദ്ദേഹം പറഞ്ഞു.