കണ്ണൂർ കണ്ണവത്തെ സലാഹുദ്ദീൻ വധം: 4 ആർഎസ്എസ്സുകാർകൂടി അറസ്റ്റിൽ
കണ്ണൂർ : എസ്ഡിപിഐ പ്രവർത്തകനായിരുന്ന കണ്ണവത്തെ സയ്യിദ് മുഹമ്മദ് സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാല് ആർഎസ്എസ് പ്രവർത്തകരെക്കൂടി അന്വേഷകസംഘം അറസ്റ്റുചെയ്തു. കണ്ണവം ശിവജി നഗറിലെ ഗംഗ നിവാസിൽ അശ്വിൻ, കോളയാട് പാടിപ്പറമ്പിലെ സഖിൽ നിവാസിൽ കെ രാഹുൽ, ചെണ്ടയാട് കുനുമ്മലിലെ പുള്ളിയുള്ള പറമ്പത്ത് മിഥുൻ, മൊകേരി വള്ളങ്ങാടെ കരിപ്പാളിൽ ഹൗസിൽ യാദവ് എന്നിവരെയാണ് തലശേരി ഡിവൈഎസ്പി മൂസ വള്ളിക്കാടൻ, കണ്ണവം സിഐ കെ സുധീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച രാത്രി അറസ്റ്റുചെയ്തത്.
കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലും വയനാട്, മലപ്പുറം ജില്ലകളിലുമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ കൂത്തുപറമ്പ് പാലായിയിൽനിന്നാണ് പിടിയിലായതെന്നും നാലുപേരും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നും പൊലീസ് പറഞ്ഞു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒമ്പതായി.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ചൂണ്ടയിലെ അമൽ രാജിനെയും റിഷലിനെയും ഗൂഢാലോചനയിൽ പങ്കെടുത്തവരും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരുമായ ചൂണ്ടയിലെ അഞ്ജു നിവാസിൽ അമൽ രാജ്, ധന്യ നിവാസിൽ പ്രിബിൻ, അഷ്ന നിവാസിൽ ആഷിഖ് ലാൽ ഉൾപ്പെടെ കേസിൽ അഞ്ചുപേർ നേരത്തെ പിടിയിലായിരുന്നു. ഒരാൾകൂടി അറസ്റ്റിലാകാനുണ്ട്. ഇയാളാണ് സലാഹുദ്ദീൻ സഞ്ചരിച്ച കാറിൽ മനഃപൂർവം ബൈക്കിടിച്ച് അപകടമുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു.
അക്രമികൾ ഉപയോഗിച്ച നാല് വാളുകളും ഒരു കാറും ബൈക്കും അന്വേഷകസംഘം നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം എട്ടിന് വൈകുന്നേരം ചിറ്റാരിപ്പമ്പ് ചുണ്ടയിലിനും കൈച്ചേരിക്കും ഇടയിലുള്ള സ്ഥലതതുവച്ചാണ് സഹോദരിമാർക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന സലാഹുദ്ദീനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.