ടാറ്റാ കോവിഡ് ആശുപത്രി എംപിയുടെ സമരപ്രഖ്യാപനം വെറും കുത്തിത്തിരിപ്പ് എം വി
ബാലകൃഷ്ണന്
കാസര്‍കോട്: തെക്കിലില്‍ സജ്ജമായ ടാറ്റയുടെ കോവിഡ് ആശുപത്രി 28ന് പ്രവര്ത്തനമാരംഭിക്കാനാരിക്കെ രാജ്മോഹന്‍ ഉണ്ണിത്താന് എംപി പ്രഖ്യാപിച്ച സമരം പരിഹാസ്യമായിരുന്നുവെന്ന് വ്യക്തമായതായി സിപി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന് പറഞ്ഞു.
ആശുപത്രി പ്രവര്‍ത്തന സജ്ജമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ആരോഗ്യവകുപ്പ്. ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ തസ്തികകള്‍ സൃഷ്ടിച്ചു. ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന നടപടികള്‍ നടക്കുന്നു. ഇതിനിടയില്‍ സര്‍ക്കാരിനെതിരെ കുത്തിത്തിരിപ്പുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ഉണ്ണിത്താൻ.
കോവിഡ് ആശുപത്രിക്ക് വേണ്ടി താനാണ് മുമ്പിലെന്ന് വീമ്പടിച്ച് എംപിയും സമരം പ്രഖ്യപിച്ചു. ആശുപത്രി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അറിഞ്ഞ് തന്നെയായിരുന്നു എംപിയുടെ നീക്കം. എംപിയെന്ന നിലയില്‍ വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാത്തതിനെതിരെ അമർഷം ഉയരുമ്പോഴാണ്
കോവിഡ് ആശുപത്രിയുടെ പേരിലുള്ള പൊറാട്ട് നാടകം. ഇത് ജനങ്ങള്‍ തിരിച്ചറിയും. ടാറ്റ സംസ്ഥാനത്ത് കോവിഡ് ആശുപത്രി സ്ഥാപിക്കാന്‍ തീരുമാനിച്ചപ്പോള്‍ അത് കാസര്‍കോട് വേണമെന്ന് നിര്‍ദേശിച്ചത് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമാണ്. സംസ്ഥാന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിലാണ് മാസങ്ങള്‍ക്കകം ആശുപത്രി യാഥാര്‍ഥ്യമായത്. സമരാഭാസവും മറ്റുമായി കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ സര്‍വ്വ കുതന്ത്രങ്ങളും പയറ്റിയ എംപിയും യുഡിഎഫ് നേതാക്കളും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മാപ്പ് പറയണമെന്ന് എം വി ബാലകൃഷ്ണന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.