കേരളത്തിലെ എല്ലാ പിഎച്ച്സിയും ഇനി കുടുംബാരോഗ്യ കേന്ദ്രങ്ങളാകും സേവനം രാവിലെ ഒമ്പത് മുതൽ
ആറുവരെ
തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും (പിഎച്ച്സി) ഇനിമുതല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ (എഫ്എച്ച്സി). ആര്‍ദ്രം മിഷന്റെ മൂന്നാം ഘട്ടത്തില്‍ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെകൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയതോടെയാണിത്. ആര്‍ദ്രം മിഷന്റെ ഒന്നാംഘട്ടത്തില്‍ 170ഉം രണ്ടാംഘട്ടത്തില്‍ 503ഉം പിഎച്ച്സികളെ എഫ്എച്ച്സികളാക്കിയിരുന്നു. 461 കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ബാക്കിയുള്ളവ ഉടന്‍ സജ്ജമാകും.
കുടുംബാരോഗ്യ കേന്ദ്രമാകുമ്പോള്‍
ഉച്ചവരെയായിരുന്ന പ്രവര്‍ത്തനസമയം എഫ്എച്ച്സിളാകുമ്പോള്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെയാകും. ഒരു ഡോക്ടറുടെ സ്ഥാനത്ത് മൂന്ന് ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. നേഴ്സ്, ലാബ് ടെക്നീഷ്യന്, അറ്റന്‍ഡര്‍ തസ്തികകള്‍ വര്‍ധിക്കും.
ആധുനിക ലബോറട്ടറികള്‍, ജീവിതശൈലീരോഗ നിര്‍ണയ ക്ലിനിക്കുകള്‍, വ്യായാമത്തിനുള്ള സൗകര്യം (യോഗ, വെല്‍നസ് സെന്റര്‍) എന്നിവയുണ്ടാകും.ദീര്‍ഘകാലമായി ശ്വാസകോശ രോഗങ്ങളുള്ളവര്‍ക്കായി ശ്വാസ് പദ്ധതി, വിഷാദരോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനും ആശ്വാസം പദ്ധതി എന്നിവയും നടപ്പാക്കും.