ഷാജിക്ക് 2 പാന്‍ കാര്‍ഡ് ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡ് ഉപയോഗിക്കുന്നത് ഗുരുതര കുറ്റകൃത്യം
വിവരങ്ങൾ പുറത്തുവിട്ട് സിപിഎം മുഖപത്രം
കൊച്ചി:വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് എന്‍ഫോഴ്സ്മെന്റ് അന്വേഷണം നേരിടുന്ന മുസ്ലിംലീഗ് എംഎല്‍എ കെ എം ഷാജി രണ്ട് പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡ് ഉപയോഗിക്കുന്നതായി രേഖ. നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് തവണ സ്ഥാനാര്‍ഥിയായപ്പോള്‍ നല്കിയ നാമനിര്‍ദേശപത്രികകളില്‍ രേഖപ്പെടുത്തിയത് രണ്ട് വ്യത്യസ്ത പാന്‍ കാര്‍ഡ് നമ്പറുകള്‍. ആദായനികുതി നിയമപ്രകാരം ഒരാള്‍ ഒന്നില്‍ക്കൂടുതല്‍ പാന്‍ കാര്‍ഡ് ഉപയോഗിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്ന്
പാർട്ടി പത്രം പറയുന്നു.
അഴീക്കോട് മണ്ഡലത്തില്‍നിന്ന് 2011ല്‍ മത്സരിച്ചപ്പോള്‍ സമര്‍പ്പിച്ച പത്രികയില്‍ എപിക്യുപികെ 1630എം എന്ന പാന്‍ നമ്പരാണ് ചേര്‍ത്തത്. 2008-2009 വര്‍ഷം 1,25,070 രൂപ ആദായനികുതി അടച്ചതായും രേഖപ്പെടുത്തി. 2016ല്‍ വീണ്ടും സ്ഥാനാര്‍ഥിയായപ്പോള്‍ സമര്‍പ്പിച്ച പത്രികയില്‍ ഇഡിഡബ്ല്യുപികെ 6273എ എന്നതാണ് പാന്‍ നമ്പര്‍. 2015-16 വര്‍ഷം 2,24,870രൂപ ആദായനികുതി അടച്ചെന്നും വ്യക്തമാക്കുന്നു. പത്രികകളില്‍ തെറ്റായ വിവരം ചേര്‍ക്കുന്നത് അയോഗ്യത ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് കാരണമാകുന്ന കുറ്റമാണ്.
വര്‍ഗീയപ്രചാരണം നടത്തിയെന്ന കേസില്‍ 2018ല്‍ കെ എം ഷാജിയുടെ തെരഞ്ഞെടുപ്പ് നേരത്തെ ഹൈക്കോടതി റദ്ദാക്കി. വിധിക്ക് സുപ്രീംകോടതിയില്‍നിന്ന് സ്റ്റേ സമ്പാദിച്ചെങ്കിലും എംഎല്‍എക്കുള്ള അവകാശങ്ങള്‍ ഒന്നുമില്ലാത്ത നിയമസഭാംഗമാണിപ്പോള്‍ ഷാജി. രണ്ടുതവണയും പത്രികയോടൊപ്പം സമര്‍പ്പിച്ച സ്വത്തുവിവര സത്യവാങ്മൂലത്തില്‍ കള്ളക്കണക്കാണ് ചേര്‍ത്തതെന്ന് വിവരം നേരത്തെ പുറത്തുവന്നിരുന്നു.
പാന്‍ കാര്‍ഡ് പ്രധാനം
ഒരാളുടെ സാമ്പത്തിക ഇടപാട് വിവരങ്ങളാകെ അറിയാനുള്ളതാണ് പത്തക്ക ആല്‍ഫാ ന്യൂമറിക് നമ്പരുള്ള പാന്‍ കാര്‍ഡ്. ഒരാള്‍ക്ക് ഒന്നുമാത്രമേ പാടുള്ളൂ എന്ന് ആദായനികുതിനിയമം 139 എ വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. കാര്‍ഡ് നഷ്ടമായാല്‍ അതേ നമ്പരുള്ള ഡ്യൂപ്ലിക്കേറ്റ് മാത്രമേ ഉപയോഗിക്കാനാകൂ. രണ്ട് വ്യത്യസ്ത നമ്പരുള്ള കാര്‍ഡ് ലഭിച്ചാല്‍ ഒന്ന് സറണ്ടര്‍ ചെയ്യണമെന്നാണ് വ്യവസ്ഥ. അല്ലാത്തപക്ഷം ആദായനികുതി നിയമത്തിലെ 272 ബി വകുപ്പുപ്രകാരം 10,000 രൂപ പിഴയൊടുക്കണം. നികുതിവെട്ടിപ്പ് പോലുള്ള കുറ്റങ്ങള്‍ക്ക് നടപടിയുമെടുക്കാം.