അവയവകച്ചവടം: രാജ്യാന്തര ബന്ധമുള്ള മുപ്പത്തഞ്ചോളം സംഘങ്ങള്‍ കേരളത്തിൽ നിരീക്ഷണത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് അവയവകച്ചവടത്തിന് ഇടനിലനില്‍ക്കുന്ന മുപ്പത്തഞ്ചോളം ഏജന്റുമാര്‍ പോലീസ് നിരീക്ഷണത്തില്‍. ക്രൈംബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കുനല്‍കിയ റിപ്പോര്‍ട്ടിനുപിന്നാലെ കേസെടുത്ത് അന്വേഷണമാരംഭിച്ചു. രണ്ടുവര്‍ഷത്തിനിടെ നിയമവിരുദ്ധമായി അവയവമാറ്റം നടക്കുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഐ.ജി. റിപ്പോര്‍ട്ട് നല്‍കിയത്.
തൃശ്ശൂര്‍ ജില്ലയിലെ കോളനി കേന്ദ്രീകരിച്ച് എട്ടുപേര്‍ അവയവദാനം നടത്തിയത് ബന്ധുക്കള്‍ക്കോ അറിയുന്നവര്‍ക്കോ അല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. മുപ്പത്തഞ്ചോളം സംഘങ്ങളുടെ വിവരങ്ങള്‍ ലഭിച്ചു. നിയമം ലംഘിച്ചുള്ള നടപടികളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും പങ്കും സംശയിക്കുന്നു.
ഏജന്റുമാര്‍ മുഖേന അവയവം സ്വീകരിച്ചവര്‍ 40 മുതല്‍ 50 വരെ ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. എന്നാല്‍, അവയവം നല്‍കിയവര്‍ക്ക് എട്ടുമുതല്‍ 15 ലക്ഷംവരെ രൂപയാണ് ലഭിച്ചത്. ബാക്കിത്തുക ഏജന്റുമാര്‍ തട്ടിയെടുത്ത് വീതംെവക്കുകയായിരുന്നു. പണം കൈമാറ്റംചെയ്തത് ബാങ്ക് അക്കൗണ്ടുകള്‍ വഴിയല്ലെന്നും അന്വേഷണസംഘം സംശയിക്കുന്നു. ഇക്കാര്യങ്ങളില്‍ അന്വേഷണം പ്രാഥമികഘട്ടത്തില്‍ മാത്രമാണ്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകളും ട്രാന്സ്പ്ലാന്റേഷന് ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍സ് ആന്‍ഡ് ടിഷ്യൂസ് ആക്ടിലെ വകുപ്പുകളും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ചെയ്തിരിക്കുന്നത്.
തൃശ്ശൂര്‍ ഡി.ഐ.ജി. എസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ എസ്.പി. സുദര്‍ശനാണ് അന്വേഷിക്കുന്നത്. പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ക്രൈംബ്രാഞ്ച് തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് എന്നിവര്‍ മേല്‍നോട്ടം വഹിക്കുന്നു.
അന്വേഷണം കൊടുങ്ങല്ലൂരിലേക്ക്
അടുത്തകാലത്ത് കൊടുങ്ങല്ലൂരിലെ ചില കോളനികളിലെ ചില നിര്ധനവീട്ടുകാര് പെട്ടെന്ന് സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തിയത് വൃക്കവില്പ്പനയെത്തുടര്ന്നാണെന്ന സൂചനകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചതായി അറിയുന്നു. രഹസ്യാന്വേഷണവിഭാഗം നല്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കൊടുങ്ങല്ലൂരില്‍ അന്വേഷണം ആരംഭിച്ചിട്ടുള്ളത്. പുല്ലൂറ്റ്, എറിയാട്, അഴീക്കോട് വില്ലേജുകളിലെ ചില കോളനികള്‍ കേന്ദ്രീകരിച്ച് ഒരുവര്‍ഷത്തിനിടെ 20 പേര് വൃക്കവില്‍പ്പന നടത്തിയതായാണ് സൂചന.