അരുവിക്കരയിൽ പതിനേഴുവയസുള്ള കമിതാക്കള്‍ ആറ്റില്‍ ചാടി കാമുകന് മരിച്ചു കാമുകിയെ
സഹോദരന് രക്ഷപ്പെടുത്തി
തിരുവനന്തപുരം: പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ആറ്റില്‍ ചാടിയ കമിതാക്കളില്‍ കാമുകന് മരിച്ചു. അരുവിക്കര കളത്തുക്കാലില്‍ സ്വദേശി ശബരി (17) ആണ് മരിച്ചത്. ശബരിക്കൊപ്പം ആത്മഹത്യക്ക് ശ്രമിച്ച പതിനേഴുകാരിയെ സഹോദന് രക്ഷപ്പെടുത്തി.
അരുവിക്കര കളത്തുകാലില്‍ സ്വദേശികളായ ഇരുവരും വര്‍ഷങ്ങളായി പ്രണയബന്ധത്തിലായിരുന്നു. ഇതിന്റെ പേരില്‍ വീട്ടുകാര്‍ ഇരുവരെയും സ്ഥിരം വഴക്കു പറയാറുണ്ടായിരുന്നു. ഇന്നലെ പെണ്‍കുട്ടിയെ വീട്ടുകാര്‍ രൂക്ഷമായി വഴക്കു പറയുകയും പ്രണയബന്ധത്തില്‍ നിന്നും പിന്മാറണമെന്ന് താക്കീത് ചെയ്യുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.
വീട്ടുകാര്‍ വഴക്കുപറഞ്ഞകാര്യം പെണ്‍കുട്ടി ശബരിയെ വിളിച്ചറിയിക്കുകയും പുലര്‍ച്ചെ വീട്ടിലെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. അമ്മയുടെ ഹോണ്ടാ ആക്ടീവയിലാണ് ശബരി അഞ്ചു മണിയോടെ കാമുകിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഇരുവരും അപകടമേറിയ ചാണിച്ചല്‍ കടവിലെത്തി.
ശബരി സുഹൃത്തിനെ വിളിച്ച് ഇരുവരും ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചു. സുഹൃത്ത് ഇക്കാര്യം പെണ്‍കുട്ടിയുടെ സഹോദരനെ അറിയിക്കുകയും ഇരുവരും ചാണിച്ചല്‍ കടവിലെത്തുകയും ചെയ്തു. സഹോദരനെ കണ്ടതോടെ പെണ്‍കുട്ടിയും ശബരിയും ആറ്റിലേക്ക് ചാടി. ഉടന്‍ തന്നെ സഹോദരന് കൂടെച്ചാടി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും ശബരിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
നെടുമങ്ങാട് ഫയര്‍ഫോഴ്സ് ക്യൂബ ടീം തിരച്ചില്‍ നടത്തി 11 മണിയോടെ ശബരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അരുവിക്കര പോലീസ് കേസെടുത്തു.