കുമ്മനം പ്രതിയായ സാമ്പത്തിക തട്ടിപ്പ് വീണ്ടും പരാതിക്കാരന്റെ മൊഴിയെടുക്കും പണം കിട്ടാതെ പിന്മാറില്ലെന്ന് ഹരികൃഷ്ണൻ
പത്തനംതിട്ട: ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണ ഉദ്യേഗസ്ഥന് വീണ്ടും പരാതിക്കാരന്റെ മൊഴിയെടുക്കും. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പൊലീസ് ശേഖരിക്കുകയാണ്. പരാതിക്കാരന്റെയും ആരോപണ വിധേയരായ കുമ്മനത്തിന്റെ മുന്‍ പി.എ പ്രവീണ്‍ വി.പിളള, ന്യൂ ഭാരത് ടെക്നോളജി ഉടമ വിജയന് എന്നിവരുടെ ബാങ്ക് രേഖകളും വരും ദിവസങ്ങളില്‍ പരിശോധിക്കും.പ്രതി ചേര്‍ത്തിരിക്കുന്ന ആരെയും പൊലീസ് ഇതുവരെ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. അതേസമയം കേസില്‍ ചില ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ബി.ജെ.പി നടത്തിയെങ്കിലും പണം തിരികെ കിട്ടാതെ കേസില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് പരാതിക്കാരനായ ഹരികൃഷ്ണന്. പരാതിക്കാരന് നിരവധി പേരെ താന്‍ പരിചയപ്പെടുത്തി കൊടുത്തിരുന്നുവെന്ന് കേസിലെ ഒന്നാം പ്രതിയും കുമ്മനത്തിന്റെ മുന്‍ പി.എയുമായ പ്രവീണ്‍ വ്യക്തമാക്കി. എന്നാല്‍ സാമ്പത്തിക ഇടപാടില്‍ പങ്കില്ലെന്നാണ് പ്രവീണ്‍ പറയുന്നത്. കുമ്മനം രാജശേഖരനെതിരെ കളള കേസെടുത്തുവെന്ന് ആരോപിച്ച് ബി.ജെ.പി ഇന്നലെ കരിദിനം ആചരിച്ചിരുന്നു.