സ്വർണ്ണതട്ടിപ്പിൽ കുരുക്ക് മുറുകുന്നു എം സി ഖമറുദ്ദീന് എംഎല്‍എയ്ക്കെതിരായ 89 കേസും ക്രൈംബ്രാഞ്ച്
ഏറ്റെടുത്തു
തൃക്കരിപ്പൂര്‍ : എം സി ഖമറുദ്ദീന് എംഎല്‍എയുടെ നേതൃത്വത്തിലുള്ള ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പില്‍ രജിസ്റ്റര്‍ചെയ്ത 89 കേസുകളും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷകസംഘം ഏറ്റെടുത്തു. പുതിയ എഫ്ഐആര്‍ ഇട്ടതിനാല്‍ നേരത്തെ ചന്തേര പൊലീസ് സ്റ്റേഷനിലടക്കമുണ്ടായിരുന്ന എഫ്ഐആര്‍ റദ്ദാക്കിയതായി പരാതിക്കാര്‍ക്ക് നോട്ടീസ് നല്കി. ജില്ലാ പൊലീസ് ആസ്ഥാനത്തെ പ്രത്യേക അന്വേഷകസംഘ (എസ്ഐടി)മാകും ഇനി എല്ലാ കേസും അന്വേഷിക്കുക.
ലോക്കല്‍ സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികളില്‍ കേസ് രജിസ്റ്റര്‍ചെയ്ത് എസ്ഐടിക്ക് കൈമാറും. ചന്തേര, കാസര്‍കോട്, പയ്യന്നൂര്‍ സ്റ്റേഷനുകളിലായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനകം ജ്വല്ലറി മാനേജരടക്കം 13 പേരെ ചോദ്യംചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഖമറുദ്ദീന് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ക്രൈംബ്രാഞ്ച് എതിര്‍സത്യവാങ്മൂലവും നല്കി. കേസ് 27ന് പരിഗണിക്കും. ഖമറുദ്ദീന്റെ വാദം കോടതി തള്ളിയാല്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടിയിലേക്ക് നീങ്ങുമെന്ന് അന്വേഷകസംഘം സൂചനനല്‍കി. ഫാഷന്‍ ഗോള്‍ഡ് ചെയര്മാന് എം സി ഖമറുദ്ദീന് എംഎല്‍എ, എംഡി ടി കെ പൂക്കോയ തങ്ങള്‍, ഡയറക്ടര്‍ ഹാരിസ് അബ്ദുള്‍ഖാദര്‍, കാസര്‍കോട് ബ്രാഞ്ച് മാനേജര്‍ ടി കെ ഹിഷാം എന്നിവരാണ് ഇതുവരെ പ്രതികള്‍. 42 ഡയറക്ടര്‍മാരെയും പ്രതിചേര്‍ക്കും.