സംസ്ഥാനത്ത് സി.ബി.ഐ.യെ വിലക്കണമെന്ന് സി.പി.എം സർക്കാറിനോട് ആവശ്യപ്പെട്ടു പിന്തുണച്ച്
സിപിഐ യും ഘടകകക്ഷികളും
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പരിധിയിലുള്ള കേസുകളില്‍ സി.ബി.ഐ. നേരിട്ട് കേസെടുക്കുന്നത് വിലക്കി ഉത്തരവിറക്കുന്നകാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ കേസന്വേഷിക്കാമെന്ന് സര്‍ക്കാര്‍ നല്കിയ മുന്‍കൂര്‍ അനുമതിയുടെ പിന്‍ബലത്തിലാണ് സി.ബി.ഐ. വരുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് രാഹുല്‍ഗാന്ധിപോലും പറഞ്ഞ പശ്ചാത്തലത്തില്‍ മുന്‍കൂര്‍ അനുമതി റദ്ദാക്കുന്നതിന്റെ നിയമവശം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.ഐ.ക്ക് നേരത്തേ ഇതേ നിലപാടാണ്. എല്‍.ഡി.എഫ്. യോഗത്തില്‍ എല്ലാ ഘടകകക്ഷികളും ഇത്തരമൊരാശങ്ക പങ്കുവെച്ചിട്ടുണ്ട്. ഈ സഹാചര്യത്തില്‍ നേരത്തേ നല്കിയ അനുമതി പുനഃപരിശോധിക്കണം. രാഷ്ട്രീയ ആയുധത്തിന് അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന തോന്നലുണ്ടായപ്പോഴാണ് ബി.ജെ.പി. ഇതര സര്‍ക്കാരുകളെല്ലാം ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. ആന്ധ്രാപ്രദേശ്, രാജസ്ഥാന്, മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളൊക്കെ സി.ബി.ഐ.ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യം കേരളവും പരിശോധിക്കേണ്ടതുണ്ടെന്ന് കോടിയേരി പറഞ്ഞു.
സംസ്ഥാനസര്‍ക്കരുകള്‍ വിലക്കിയാലും സി.ബി.ഐ. അന്വേഷിക്കുന്നതിന് വ്യവസ്ഥചെയ്ത കേസുകള്‍ ഏറ്റെടുക്കുന്നതിന് തടസ്സമുണ്ടാകില്ല. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന കേസുകള്‍ സി.ബി.ഐ.ക്ക് അന്വേഷിക്കാം. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന കേസുകള്‍ ഏറ്റെടുക്കാതിരിക്കുകയും, മറ്റ് കേസുകള്‍ അന്വേഷിക്കുകയും ചെയ്യുന്നതാണ് പ്രശ്നം. ഇതൊരു പ്രശ്നം തന്നെയാണ്. അതാണ് മുന്‍കൂര്‍ അനുമതി പുനഃപരിശോധിക്കണമെന്ന് സി.പി.എം. നിര്‍ദേശിക്കാന്‍ കാരണം.
അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നതിന് തെളിവാണ് ടൈറ്റാനിയം കേസ്. സി.ബി.ഐ. അന്വേഷിക്കണമെന്ന് ഒരുവര്‍ഷംമുമ്പ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണ്. അത് ഏറ്റെടുക്കാനാവില്ലെന്നാണ് ഇപ്പോള്‍ കേന്ദ്രം നിലപാടെടുത്തിട്ടുള്ളത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ പ്രതികളായ കേസാണിത്. മാറാടുകേസ് നാലുവര്‍ഷമായിട്ടും സി.ബി.ഐ. അന്വേഷണം എവിടെയുമെത്തിയിട്ടില്ല. ഒരാളില്‍നിന്ന് മൊഴിയെടുത്തുവെന്നത് മാത്രമാണ് നടന്നത്. അതിനുശേഷം അന്വേഷണം മരവിപ്പിച്ചു. കോണ്‍ഗ്രസ്, ലീഗ് നേതാക്കളെ സംരക്ഷിക്കുന്നതിനായുള്ള രാഷ്ട്രീയ നീക്കുപോക്കുകളുടെ ഭാഗമാണിത്.
കശുവണ്ടിവികസന കോര്‍പറേഷനിലെ അഴിമതി സി.ബി.ഐ. അന്വേഷിക്കേണ്ടതില്ലെന്നുതന്നെയാണ് സര്‍ക്കാര്‍ നിലപാട്. അത് അന്വേഷിക്കാന്‍ ഇവിടെത്തന്നെ ഏജന്‍സികളുണ്ട്.