കെ എം ഷാജി എം എൽ എയുടെ വീട് പൊളിച്ച് മാറ്റാൻ കോഴിക്കോട് കോർപ്പറേഷന്റെ നോട്ടീസ്: നടപടി കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ചതിന്
എൻഫോഴ്സ്മെന്റും കുരുക്ക് മുറുക്കി, ലീഗ് ആശങ്കയിൽ.
കോഴിക്കോട്: കെ എം ഷാജി എം എൽ എയുടെ വീട് പൊളിച്ചുമാറ്റാൻ കോഴിക്കോട് കോർപ്പറേഷന്റെ നോട്ടീസ്. കെട്ടിടനിർമ്മാണച്ചട്ടം ലംഘിച്ചു എന്നുകാണിച്ചാണ് പൊളിച്ചുമാറ്റാൻ നോട്ടീസ് നൽകിയത്. കഴിഞ്ഞദിവസം കോർപ്പറേഷൻ അധികൃതർ ഷാജിയുട വീട് അളന്നിരുന്നു. ഇതിൽ അനുവദിച്ച അളവിലും കൂടുതലാണ് വീടിന്റെ വിസ്തീർണം എന്ന് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് പൊളിച്ചുമാറ്റാൻ ഉത്തരവിട്ടത്.3200 ചതുരശ്രയടിക്കാണ് കോർപ്പറേഷനിൽ നിന്ന് ഷാജി അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്തീർണം വീടിന് ഉണ്ടെന്നാണ് അളവെടുപ്പിൽ വ്യക്തമായത്. 2016ൽ പൂർത്തിയാക്കിയ പ്ലാൻ നൽകിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിർമ്മാണം ക്രമവത്കരിക്കാൻ കോർപ്പറേഷൻ നൽകിയ നോട്ടീസിന് മറുപടി നൽകാത്തതിനാൽ വീടിന് നമ്പർ ലഭിച്ചിട്ടില്ല. മൂന്നാംനിലയിലാണ് അധിക നിർമ്മാണം നടത്തിയതെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.ഷാജിയുടെ വീടിന് എത്ര വിലമതിക്കും എന്ന് റിപ്പോർട്ട് നൽകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് എക്സിക്യുട്ടീവ് എൻജിനീയർ രമേശ്കുമാറിന്റെ നേതൃത്വത്തിലുളള സംഘം മാലൂർകുന്നിന് സമീപത്തെ വീട് അളന്നത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് വീടിന്റെ മതിപ്പുവില, വിസ്തീർണം, പൂർത്തിയാക്കിയ പ്ലാൻ എന്നിവ ഉൾപ്പെടുത്തി റിപ്പോർട്ട് നൽകാൻ എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടത്.അഴീക്കോട് മണ്ഡലത്തിലെ സ്കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം ഷാജി കൈപ്പറ്റിയെന്ന് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭൻ വിജിലൻസിന് പരാതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സാമ്പത്തിക സ്രോതസ് കണ്ടെത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയത്.കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ ഒരു സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന കെ.എം ഷാജി എം.എൽ.എയുടെ വീട് കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് കോർപ്പറേഷൻ അധികൃതർ ഇ.ഡിയുടെ നിർദേശ പ്രകാരം അളന്നത്.