മലപ്പുറത്ത് മകളെ പീഡിപ്പിച്ച യുവാവിനൊപ്പം ഒളിച്ചോടിയ അമ്മയും കാമുകനും അറസ്റ്റിൽ, ഇരുവരെയും പോക്സോ ചുമത്തി ജയിലിലടച്ചു
മലപ്പുറം: മലപ്പുറം ഇരുമ്പിളിയത്ത് ഒമ്പത് വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനോടൊപ്പം ഒളിച്ചോടിയ അമ്മ അറസ്റ്റില്‍. കാമുകനും പിടിയിലായിട്ടുണ്ട്. കൊടുമുടി സ്വദേശി ചെബ്രന്മാരില് സുഭാഷും 28 വയസുകാരിയായ യുവതിയുമാണ് ഒളിച്ചോടിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഇരുവരും നാടുവിട്ടത്. മൂത്തമകളെ സുഭാഷ് ലൈംഗിക പീഡനത്തിനിരയാക്കിയെന്നറിഞ്ഞിട്ടും ഇയാള്‍ക്കൊപ്പം യുവതി നാടുവിടുകയായിരുന്നു. തനിക്കുണ്ടായ മോശം അനുഭവം കുട്ടി പറഞ്ഞപ്പോള്‍ അച്ഛനോട് പറയരുതെന്ന് പറഞ്ഞ് അമ്മ വിലക്കിയിരുന്നു.പിന്നീട് പെണ്‍കുട്ടി വിവരം പുറത്തു പറഞ്ഞതിനു പിന്നാലെ സുഭാഷിനൊപ്പം യുവതി നാടുവിടുകയായിരുന്നു. ഒമ്പത് വയസുകാരിയായ മൂത്ത മകളെയും മൂന്നു വയസായ ഇളയ മകളെയും ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം കടന്നു കളഞ്ഞത്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതിന് സുഭാഷിനെതിരെയും കൂട്ട് നിന്നതിന് അമ്മക്കെതിരെയും പോക്സോ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.