മുളിയാർ ബാവിക്കര പള്ളിവളപ്പിലെ ചന്ദന മോഷണം: പള്ളിക്കമ്മിറ്റി സെക്രട്ടറി അറസ്റ്റിൽ
മൂക്കത്ത് വിരൽ വെച്ച് വിശ്വാസികൾ
കാസർകോട് :മുളിയാർ ബാവിക്കര ജുമാ മസ്ജിദ് വളപ്പിലെ ചന്ദനമരം മോഷണം പോയ സംഭവത്തിൽ പള്ളിക്കമ്മിറ്റി സെക്രട്ടറി അറസ്റ്റിൽ. ബാവിക്കര മുർഷത്ത് വില്ലയിൽ ബി.എ.മുഹമ്മദ് കുഞ്ഞി(60)യാണ് വനം വകുപ്പിന്റെ പിടിയിലായത്. മോഷണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് റേഞ്ച് ഓഫീസർ എൻ.അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ജുമാ മസ്ജിദ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ചന്ദനമരം മുറിച്ചതെന്ന് തെളിഞ്ഞിരുന്നു. വനംവകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് വ്യാഴാഴ്ച ഉച്ചക്ക് കാസർകോട് റേഞ്ച് ഓഫീസിൽ ഹാജരാകാനെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ബാവിക്കരയിലെ പുതിയവീട് ബഷീറിന്റെയും സംഘത്തിന്റെയും സഹായത്തോടെയാണ് ചന്ദനമരം മുറിച്ചത്. ബഷീർ ഒളിവിലാണ്. മോഷണംപോയ ചന്ദനമരത്തിന്റെ തടികളും വേരും ഉൾപ്പെടെ ചൊവ്വാഴ്ച പള്ളിമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. രണ്ടു ലക്ഷത്തോളം വിലവരുന്ന 16 വർഷം പഴക്കമുള്ള ചന്ദനമരമാണ് മുറിച്ചത്. ഞായറാഴ്ച വൈകീട്ട് പള്ളിവളപ്പ് കാടുവെട്ടി തെളിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ചന്ദനമരം മോഷണം പോയതറിയുന്നത്. വനം വകുപ്പ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ചെത്തിമിനുക്കി കഷണങ്ങളാക്കിയ ചന്ദനമുട്ടികൾ പള്ളിമുറ്റത്ത് ചാക്കിൽ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്.