ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ്:പോലീസും പ്രതികളും ഒത്തുകളിക്കുന്നെന്ന് , പൊന്നും പണവും നഷ്ടപ്പെട്ടവർ സമരം തുടങ്ങി
തൃക്കരിപ്പൂർ ∙ ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ നിക്ഷേപ തട്ടിപ്പിനു നേതൃത്വം നൽകിയ ചെയർമാൻ എം.സി.കമറുദ്ദീൻ എംഎൽഎ, മാനേജിങ് ഡയറക്ടർ ചന്തേര ടി.കെ.പൂക്കോയ തങ്ങൾ തുടങ്ങിയവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ സമരം തുടങ്ങി. സമരത്തിന്റെ പ്രഥമ ഘട്ടമായി പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലേക്ക് പരാതിക്കാരായ നിക്ഷേപകർ മാർച്ച് നടത്തി.
രണ്ടാം ഘട്ടമായി 25 ന് കമറുദ്ദീൻ എംഎൽഎയുടെ ഉപ്പളയിലെ വീട്ടിലേക്കും മാർച്ച് നടത്തും. കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ തട്ടിപ്പിന് ഇരയായ 89 പേർ പരാതി നൽകി 50 ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് അനീതിയാണെന്നു സമരക്കാർ പറഞ്ഞു.
പരാതിക്കാരായ പി.ജമാൽ പറമ്പത്ത്, ഇ.ബാലകൃഷ്ണൻ പഴയങ്ങാടി, പി.കെ.സബീന പടന്നക്കടപ്പുറം, കെ.കെ.സൈനുദ്ദീൻ കാഞ്ഞങ്ങാട്, എം.വി.ഫൗസിയ പടന്നക്കടപ്പുറം, ലത്തീഫ് ഹാജി കാടങ്കോട്, എൻ.പി.നസീമ, നസീമ പടന്ന തുടങ്ങിയ 30 പരാതിക്കാരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
പൂക്കോയ തങ്ങളുടെ വീടിനു മുന്നിൽ മാർച്ച് ചന്തേര പൊലീസ് തടഞ്ഞു. എസ്ഐ മാരായ മെൽബിൻ ജോസ്, ടി.ടി.സുവർണൻ, എഎസ്ഐ കെ.വി.ജോസഫ്, വി.വി.സുരേഷ്കുമാർ, എ.കെ.അനില എന്നിവരുടെ നേതൃത്വത്തിലുള്ളതായിരുന്നു പൊലിസ് ബന്തവസ്.
നിക്ഷേപകരെ സംഘടിപ്പിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി പിൻവാങ്ങാൻ നീക്കം തുടങ്ങിയ സാഹചര്യത്തിലാണ് നിക്ഷേപകർ സമരവുമായി ഇറങ്ങിയത്. ജ്വല്ലറിയുടെ ആസ്തി വിൽപന നടത്തുന്നതിലും നിക്ഷേപകർക്ക് പണം തിരിച്ചു കിട്ടുന്നതിലും നിയമ തടസ്സങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആക്ഷൻ കമ്മിറ്റി പിന്നാക്കം പോകുന്നത്.
അതിനിടെ എം എൽ എ യെയും പൂക്കോയ തങ്ങളെയും രക്ഷിക്കാൻ
പോലീസിലെ ചിലർ
പ്രവർത്തിക്കുന്നതയും ആദ്യം ഇരകൾക്കൊപ്പം നിന്ന സിപിഎം ഇപ്പോൾ മലക്കം മറിയുകയാണെന്നും ആരോപണം ശക്തമായി. സിപിഎം വിഷയത്തിൽ ആദ്യം കാണിച്ച വാശി ഇപ്പോൾ കാണിക്കാത്ത
തിലും ദുരൂഹതയുണ്ട്.