അനധികൃത ഖനനം: 26 ചെങ്കൽപ്പണകൾ ക്ക് പണികൊടുത്ത് ജിയോളജി വകുപ്പ്.
ആറ് ലോറികൾ പിടിച്ചെടുത്തു
കാസർകോട് : ബേള വില്ലേജിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നടത്തിയ പരിശോധനയിൽ 26 ചെങ്കൽപ്പണകൾ അനധികൃതമെന്ന് കണ്ടെത്തി. പണകളിലും വഴികളിലുമായി ചെങ്കല്ല് കയറ്റിയ ആറ് ലോറികൾ പിടികൂടി. അനധികൃതമായി ചെങ്കല്ല് കടത്തിയ ലോറികൾക്ക് 1.05 ലക്ഷം രൂപ പിഴ ചുമത്തി. 26 പണകളുടെ ഉടമകൾക്ക് നോട്ടീസയയ്ക്കുമെന്നും ഇവരിൽനിന്ന് പിഴ ഈടാക്കുമെന്നും പരിശോധനയ്ക്ക് നേതൃത്വം നൽകിയ ജില്ലാ ജിയോളജിസ്റ്റ് കെ.ആർ. ജഗദീശൻ പറഞ്ഞു.
ഒരു ചെങ്കൽപ്പണയ്ക്ക് ഏതാണ്ട് മൂന്നുലക്ഷംമുതൽ അഞ്ചുലക്ഷംവരെ പിഴ ചുമത്തും. ഇതുവഴി ഒരുകോടിയോളം രൂപ പിഴ ഇനത്തിൽ അടയ്ക്കേണ്ടിവരും. പെരിയടുക്കം, ബേള, മാന്യ, ചുക്കിനടുക്ക, നീർച്ചാൽ ഭാഗങ്ങളിലാണ് ഇത്രയും ചെങ്കൽപ്പണകൾ അനധികൃതമായി പ്രവർത്തിക്കുന്നത്. ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതറിഞ്ഞ് മിക്ക പണകളിൽനിന്നും തൊഴിലാളികളെ പിൻവലിച്ചിരുന്നു. ഉദ്യോഗസ്ഥരെത്തുമ്പോൾ അനധികൃതമായുള്ള എല്ലാ പണകളും നിശ്ചലമായ അവസ്ഥയിലായിരുന്നു. ചില പണകൾക്ക് നേരത്തെ ലൈസൻസ് ഉണ്ടായിരുന്നു. ഇത് കാലഹരണപ്പെട്ടിട്ടും പുതുക്കിയില്ല. മറ്റു ചിലതിന് ഇതുവരെയും ലൈസൻസ് എടുത്തിട്ടില്ല.
പ്രതിദിനം നൂറുകണക്കിന് ലോഡ് കല്ലുകളാണ് ഇവിടെനിന്ന് കടത്തുന്നത്. നാട്ടുകാരുടെ നിരന്തര പരാതിയിൻമേലാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പുദ്യോഗസ്ഥർ പരിശോധന തുടങ്ങിയത്. രണ്ടുദിവസം കൊണ്ടാണ് ഇത്രയും ക്വാറികൾ കണ്ടെത്തിയത്. ഇനിയും പരിശോധ തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അസിസ്റ്റന്റ് ജിയോളജിസ്റ്റ് ആർ. രേഷ്മ, ബേള വില്ലേജ് ഓഫീസർ കിരൺകുമാർ, വില്ലേജ് അസിസ്റ്റന്റ് ശ്രീജിത്ത് തുടങ്ങിയവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു
അതിനിടെ പിഴ അടച്ചില്ലെങ്കിൽ ഉടമകളുടെ സ്ഥലം കണ്ടുകെട്ടുമെന്ന്
ജിയോളജി വകുപ്പ് പറഞ്ഞു.
വില്ലേജ് ഓഫീസിലെ രേഖകളിൽ നോക്കി ചെങ്കൽപ്പണ നിലകൊള്ളുന്ന സ്ഥല ഉടമകളെ കണ്ടെത്തും. പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ട് അവർക്ക് നോട്ടീസ് അയയ്ക്കും.
ഹിയറിങ്ങും നടത്തും. ഹിയറിങ്ങിന് ഹാജരാകുകയോ പിഴ അടയ്ക്കുകയോ ചെയ്തില്ലെങ്കിൽ സ്ഥലം കണ്ടുകെട്ടുന്നതടക്കമുള്ള തുടർനടപടികൾ സ്വീകരിക്കും.