ഇടിമിന്നലോടെ കനത്ത മഴയ്ക്കും അപകടകാരിയായ മിന്നലിനും സാധ്യത, ഉച്ചയ്ക്ക് 2 മുതല്‍ രാത്രി പത്തു വരെ അതീവജാഗ്രത ആവശ്യമെന്ന് കാലാവസ്ഥാ കേന്ദ്രം
തിരുവനന്തപുരം: ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. അത്യന്തം അപകടകാരിയായ മിന്നലുണ്ടാകും. ഉച്ചയ്ക്ക് 2 മുതല്‍ രാത്രി പത്ത വരെ അതീവജാഗ്രത ആവശ്യമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും വെളളിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയിലുളളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്.അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു