കരിപ്പൂരിലും കണ്ണൂരിലും സ്വര്‍ണവേട്ട കണ്ണൂരില്‍ സ്വര്‍ണവുമായി ഇറങ്ങിയ യുവതി പയ്യോളി സ്വദേശിനി
മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ 175 ഗ്രാം സ്വര്‍ണവും 6,000 സിഗരറ്റ് കാര്ട്ടണുകളുമായി യാത്രക്കാരന് പിടിയിലായി. ഇന്നലെ പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് റഫീഖില്‍ നിന്നാണ് കള്ളക്കടത്ത് പിടികൂടിയത്.
175 ഗ്രാം സ്വര്‍ണം ഹാന്ഡ്ബാഗേജിനുള്ളിലായിരുന്നു. സിഗരറ്റ് പെട്ടികള്‍ ലഗേജില്‍ നിന്നുമാണ് കണ്ടെടുത്തത്. രണ്ട് സ്വര്‍ണക്കട്ടികള്‍, രണ്ട് സ്വര്‍ണ കോയിന്, ഒരു സ്വര്‍ണച്ചങ്ങല എന്നിവയാണ് കണ്ടെടുത്തത്.
സിഗരറ്റ് പെട്ടികള്‍ ലഗേജിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.സ്വര്‍ണത്തിന് മാത്രം 7.99 ലക്ഷവും സിഗരറ്റുകള്‍ക്ക് 30,000 രൂപയും വിലലഭിക്കുമെന്ന് കസ്റ്റംസ് പറഞ്ഞു.കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ വാഗീഷ് കുമാര്‍ സിങ്, സുപ്രണ്ട് മനോജ്,ഇന്‍സ്പെക്ടര്‍മാരായ ടി.മിനിമോള്‍,സുരഭ്കുമാര് എന്നിവരാണ് കള്ളളക്കടത്ത് പിടികൂടിയത്.
അതേ സമയം കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 46 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ഇന്നലെ രാവിലെ ഷാര്‍ജയില്‍ നിന്ന് എയര്‍ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് പയ്യോളി സ്വദേശിനിയായ യുവതിയില്‍ നിന്നാണ് 883 ഗ്രാം സ്വര്‍ണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
കസ്റ്റംസ് അസി. കമ്മിഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ സി.വി മാധവന്, കെ. സുകുമാരന്‍, ജ്യോതിലക്ഷ്മി, ഇന്‍സ്പെക്ടര്‍മാരായ അശോക് കുമാര്‍, കെ.വി രാജു, യദുകൃഷ്ണ, സന്ദീപ് കുമാര്‍, സോനിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.