മദ്യപിച്ച് അമ്മയെ ഉപദ്രവിച്ച അച്ഛനെ തല്ലിക്കൊന്ന് 16കാരി പൊലീസില്‍ കീഴടങ്ങി
ഭോപ്പാല്‍: അച്ഛനെ തല്ലിക്കൊന്ന ശേഷം കൗമാരക്കാരി പൊലീസില്‍ കീഴടങ്ങി. ഭോപ്പാല്‍ സ്വദേശിയായ പതിനാറുകാരിയാണ് സ്ഥിരം പ്രശ്നക്കാരനായ മദ്യപാനിയായ അച്ഛനെ തല്ലി കൊലപ്പെടുത്തിയത്. തുണി അലക്കുന്നതിനായി ഉപയോഗിക്കുന്ന പ്രത്യേക തരം ബാറ്റ്, ലോഹംഗി (ഇരുമ്പ് വളയങ്ങള്‍ പിടിപ്പിച്ച വടി) എന്നിവ ഉപയോഗിച്ചാണ് പെണ്‍കുട്ടി അച്ഛനെ മര്‍ദിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ പിതാവായ നാല്പ്പത്തിയഞ്ചുകാരന് നിത്യവും പ്രശ്നക്കാരന്‍ ആണെന്നാണ് റിപ്പോര്‍ട്ട്. മദ്യപിച്ചെത്തി തല്ലും വഴക്കും പതിവായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ക്രൂരമായ പീഡനങ്ങളായിരുന്നു ഏല്‍ക്കേണ്ടി വന്നിരുന്നത്. എല്ലാം കൊണ്ടും കുടുംബം പൊറുതി മുട്ടിയ അവസ്ഥയിലായിരുന്നു എന്നാണ് പറയപ്പെടുന്നത്.
കൊല്ലപ്പെട്ടയാള്‍ തൊഴില്‍ രഹിതനായിരുന്നു. കെട്ടിടപ്പണിക്ക് പോകുന്ന മൂത്ത മകന്റെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞു വന്നിരുന്നെന്നാണ് ബേരസിയ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ കെ.കെ.വര്‍മ്മ അറിയിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ കുടുംബം ഇയാളുടെ വിവാഹക്കാര്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ഇതിനിടെ എന്തോ കാര്യം പറഞ്ഞ് പിതാവ് പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. ശല്യം സഹിക്കാതെ വന്നതോടെ മകള്‍ തുണികഴുകാനുപയോഗിക്കുന്ന ബാറ്റ് ഉപയോഗിച്ച് ഇയാളുടെ തലയ്ക്ക് അടിക്കുകയായിരുന്നു. തലപൊട്ടി ചോര ഒഴുകാന്‍ തുടങ്ങിയിട്ടും പെണ്‍കുട്ടി മര്‍ദനം നിര്‍ത്തിയില്ല.
പകരം ലോഹംഗി എടുത്തുകൊണ്ട് വന്ന് പിതാവിനെ തുടരെ മര്‍ദിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചു തന്നെ ഇയാള്‍ മരിച്ചു. തുടര്‍ന്ന് പൊലീസിനെ വിളിച്ച പെണ്‍കുട്ടി താന്‍ പിതാവിനെ കൊലപ്പെടുത്തിയ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.