സ്വർണകള്ളക്കടത്ത് കേസിലെ പ്രതി റമീസിന് ചന്ദനക്കടത്തും , റമീസ് ടാൻസാനിയയിലും ചൈനയിലും പോയതിന്റെ ചുരുളഴിച്ച് എൻ ഐ എ
തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ അഞ്ചാം പ്രതി കെ.ടി. റമീസ് വിദേശത്തേക്ക് ചന്ദനം കടത്തിയതായി എൻ.ഐ.എ. ആഫ്രിക്കയിലെ ടാൻസാനിയയിൽ റമീസ് പോയത് ചൈനയിലേക്ക്
ചന്ദനം കടത്തുന്നതിന് വേണ്ടിയാണെന്നും എൻ.ഐ.എ പറയുന്നു. സ്വർണത്തിനൊപ്പം ചന്ദനവും അനുബന്ധ ഉത്പന്നങ്ങളും കടത്താൻ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ റമീസ് എൻ.ഐ.എയോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ രാജ്യാന്തര ചന്ദനക്കടത്ത് മാഫിയയുമായി സ്വർണക്കടത്ത് പ്രതികൾക്ക് ബന്ധമുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷിക്കും.ടാൻസാനിയയിൽ നിന്നുള്ള ചന്ദനം കർണാടക, വയനാട്, മറയൂർ എന്നിവിടങ്ങളിൽ നിന്നുള്ള ചന്ദനവുമായി ചേർത്ത് മിശ്രിതമാക്കിയാണ് ചൈനയിൽ വിറ്റഴിച്ചിരുന്നത്. ബുദ്ധക്ഷേത്രങ്ങളിൽ അവശ്യവസ്തുവായ ചന്ദനത്തിന് ചൈനയിൽ കോടികളാണ് വില. ഇതാണ് അവിടേക്ക് ചന്ദനം കടത്താൻ റമീസിനെ പ്രേരിപ്പിച്ചതെന്നും എൻ.ഐ.എ പറയുന്നു.സ്വർണക്കടത്തിൽ പണം നിക്ഷേപിച്ച പലരും ചന്ദനക്കടത്തിലും പണം മുടക്കിയതായാണ് എൻ.ഐ.എ സംശയിക്കുന്നത്. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാൻ എൻ.ഐ.എ തീരുമാനിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസിലെ 13ാം പ്രതി കെ.ടി. ഷറഫുദ്ദീനൊപ്പമാണ് റമീസ് ടാൻസാനിയയിലെത്തിയത്. വജ്ര വ്യാപാരത്തിനു വേണ്ടിയാണ് ടാൻസാനിയയിൽ പോയതെന്നാണ് പറഞ്ഞതെങ്കിലും വിശദമായ ചോദ്യം ചെയ്യലിൽ ചന്ദനക്കടത്തായിരുന്നു ലക്ഷ്യമെന്ന് റമീസ് സമ്മതിച്ചു. ടാൻസാനിയയിലെ രഹസ്യ കേന്ദ്രത്തിൽ തോക്കുമായി നിൽക്കുന്ന റമീസിന്റെ ചിത്രം നേരത്തെ എൻ.ഐ.എയ്ക്ക് ലഭിച്ചിരുന്നു.ടാൻസാനിയയിൽ ചന്ദന വ്യാപാരത്തിന് ലൈസൻസുണ്ടെന്ന് പറഞ്ഞെങ്കിലും ഇതിനുള്ള രേഖകൾ ഹാജരാക്കാൻ റമീസിന് കഴിഞ്ഞില്ല. ചില പ്രശ്നങ്ങളുണ്ടായതിനാൽ ചന്ദനം വെട്ടിയെടുക്കാൻ കഴിഞ്ഞില്ലെന്നും തുടർന്ന് ബിസിനസ് ഉപേക്ഷിച്ചു മടങ്ങിപ്പോയെന്നുമാണ് റമീസിന്റെ മൊഴി. എന്നാൽ ഇക്കാര്യം എൻ.ഐ.എ. വിശ്വസിക്കുന്നില്ല.ടാൻസാനിയയിൽ ചന്ദന ബിസിനസിനു നിയന്ത്രണമില്ല. ചന്ദനം ഉത്പന്നങ്ങളും വജ്രവും സ്വർണവും ലഹരിയും ഗൾഫിലെത്തിച്ചശേഷം അവിടെനിന്ന് ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു കടത്തുകയാണ് സാധാരണയായി ചെയ്തുവരുന്നത്.സ്വർണക്കടത്തു തുടങ്ങുന്ന സമയത്ത് (2019 നവംബറിൽ) റമീസ് കേരളത്തിലേക്ക് 13 തോക്കുകൾ കടത്തിയതായും കണ്ടെത്തിയിരുന്നു. അവിടെനിന്നു വാങ്ങിയ എയർഗൺ ഉപയോഗിച്ചാണ് വയനാട്ടിൽ മാനിനെ വെടിവച്ചത്. റമീസിന്റെയും ഷറഫുദ്ദീന്റെയും ടാൻസാനിയ യാത്രകൾക്ക് ഭീകരവാദ ബന്ധവും സംശയിക്കുന്നുണ്ട്. കള്ളക്കടത്തിൽ പണം നിക്ഷേപിക്കുന്നവർ ഇതിൽ നിന്നുള്ള ലാഭം സ്വീകരിക്കാതെ വീണ്ടും വീണ്ടും കള്ളക്കടത്തിൽ തന്നെ നിക്ഷേപിക്കുന്നത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു ഫണ്ടു കണ്ടെത്താനാണെന്ന് സംശയിക്കണം.