കാട്ടുപന്നിയെ വെറുതെ വിടരുത് കൂട്ടത്തോടെ കൊന്നൊടുക്കാന്‍ അനുമതി തേടി കേരളം
കൊല്ലം:കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ അവയെ വെര്‍മിന്‍ (ശല്യകാരിയായ മൃഗം) ആയി പ്രഖ്യാപിച്ചു കൂട്ടത്തോടെ നശിപ്പിക്കാന്‍ വേണ്ട സര്‍ക്കാര്‍ നടപടി തുടങ്ങി. കേരളത്തിലെ വനമേഖലയ്ക്കു സമീപമുള്ള ജനവാസ കേന്ദ്രങ്ങളാകെ പന്നി ശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യം ഉണ്ടെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണു തീരുമാനമെന്നു വനംമന്ത്രി കെ. രാജുവിന്റെ ഓഫിസ് വ്യക്തമാക്കി.
വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായതിനാല്‍, വലിയ തോതില്‍ പെറ്റു പെരുകിയിട്ടും അവയുടെ എണ്ണം നിയന്ത്രിച്ചു ശല്യം കുറക്കാന്‍ വനം വകുപ്പിനായില്ല. ഈ സമയത്താണു നിരന്തരമായി അവയുടെ ശല്യമുള്ള മേഖലകളില്‍ വ്യവസ്ഥകള്‍ക്കു വിധേയമായി ഉദ്യോഗസ്ഥര്‍ക്ക് പുറമെ തോക്ക് ലൈസന്‍സുള്ള നാട്ടുകാര്‍ക്കും അവയെ വെടിവച്ചുകൊല്ലാന്‍ സര്‍ക്കാര്‍ അനുമതി നല്കി ഉത്തരവായത്. ഉത്തരവ് നടപ്പാക്കപ്പെടുകയും നിരവധി കാട്ടുപന്നികളെ വെടിവച്ചു കൊല്ലുകയും ചെയ്തു.
എന്നിട്ടും അവയുടെ എണ്ണത്തിലോ ശല്യത്തിലോ വലിയ കുറവു കാണാത്തതിനാല്‍ അവയെ വെര്‍മിന്‍ (ശല്യകാരിയായ മൃഗം) ആയി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചത്. അങ്ങനെ പ്രഖ്യാപിക്കപ്പെട്ടാല്‍ നാട്ടില്‍ ഇറങ്ങുന്നവയെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാന്‍ വകുപ്പിന് സാധിക്കും. പക്ഷേ അതിന് കേന്ദ്ര അനുമതി ആവശ്യമാണ്. അനുമതി തേടുന്നതിനു നേരത്തെ നിര്‍ദേശം നല്‍കിയെങ്കിലും അതിനു ചില വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ടായിരുന്നു.
സംസ്ഥാനത്തു മുഴുവനായും അങ്ങനെ അനുമതി ലഭിക്കില്ല. അത്തരം മേഖലകള്‍, അവിടങ്ങളിലെ പന്നി ആക്രമണത്തിന്റ രൂക്ഷത തുടങ്ങിയ വിശദ വിവരങ്ങള്‍ സഹിതം അപേക്ഷിക്കേണ്ടതുണ്ട്. അപ്പോള്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ അനുമതി ലഭിക്കും. ഇപ്പോള്‍ അതു ശരിയാക്കി കേന്ദ്രത്തിനു അയക്കാന്‍ ഉത്തരവു നല്കി. കേന്ദ്രനുമതി ലഭിച്ചാലുടനെ കേരളത്തിലെ കാട്ടുപന്നി ആക്രമണം പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയുമെന്നും മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.