അട്ടപ്പാടിയില്‍ വീട്ടമ്മയെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു; ഒപ്പം താമസിച്ചിരുന്നയാള്‍ അറസ്റ്റില്‍
കൊല മദ്യപാനത്തിന്
ശേഷം.
പാലക്കാട് : അട്ടപ്പാടി ചാവടിയൂരിൽ ആദിവാസിവീട്ടമ്മ ചെമ്മണ്ണൂർ സ്വദേശിനി ലക്ഷ്മി (42) കൊല്ലപ്പെട്ട സംഭവത്തിൽ ഇവർക്കൊപ്പം താമസിച്ചിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കള്ളമല സ്വദേശി സലിൻ ജോസഫാണ് (51) അറസ്റ്റിലായത്. ലക്ഷ്മിയെ വെട്ടിയും കല്ലുകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തുകായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. സലിന് ഭാര്യയും അഞ്ച് മക്കളുമുണ്ട്. ലക്ഷ്മിക്ക് ഭർത്താവും മൂന്ന് മക്കളുമുണ്ട്. എട്ട് വർഷമായി ഇവർ കുടുംബത്തിൽനിന്ന് വേറിട്ട് ഒരുമിച്ചു കഴിയുകയാണ്. ഒരു മാസം മുൻപാണ് ചാവടിയൂരിലെ ലക്ഷ്മിയുടെ ബന്ധുവീട്ടിൽ താമസമാക്കിയത്.
ഇരുവരും മദ്യപിക്കുമായിരുന്നുവെന്ന് പോലീസ് പറയുന്നു. കലഹം പതിവാണെന്ന് അയൽവാസികൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. സംഭവദിവസം വൈകീട്ട് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു.
രാത്രി ഒൻപതുമണിയോടെ ഊരുമൂപ്പനോട് ലക്ഷ്മിയെ വെട്ടിയെന്ന് പറഞ്ഞ ശേഷം പോയ സലിനെ അർധരാത്രിയോടെ പോലീസ് കസ്റ്റഡിയിലെടുത്തു. കല്ലുകൊണ്ട് തലയ്ക്കടിച്ചതിനാലാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.
എ.എസ്.പി. പദം സിങ്, ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി. സുന്ദരൻ, എസ്.ഐമാരായ രതീഷ്, ജയപ്രസാദ്, എസ്.സി.പി.ഒ.മാരായ സുന്ദരി, ദേവസ്യ, രജീഷ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി. ഫോറൻസിക് വിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തിയിരുന്നു.