ബേത്തൂർപാറയിലെ കോവിഡ് ബാധിതന്റെ മൃതദേഹം സംസ്കരിച്ച് ഡി.വൈ.എഫ്.ഐ.
കുറ്റിക്കോൽ : കോവിഡിനെ ഭയന്ന് ആ യുവാക്കൾ മടിച്ചുനിന്നില്ല. ചോമുവിന്റെ മൃതദേഹം അവർ ഏറ്റുവാങ്ങി, സംസ്കരിച്ചു. കുറ്റിക്കോൽ പഞ്ചായത്തിലെ ബേത്തൂർപാറ കോളനിയിലെ എച്ച്.ചോമുവിന്റെ (64) മൃതദേഹമാണ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ സംസ്കരിച്ചത്.
ഒക്ടോബർ 11-ന് നടത്തിയ പരിശോധനയിൽ ചോമുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തിന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽനിന്ന് മൃതദേഹം ബേത്തൂർപാറയിൽ എത്തിച്ചപ്പോൾ ഡി.വൈ.എഫ്.ഐ. ബേഡകം ബ്ലോക്ക് സെക്രട്ടറി കെ.സുധീഷിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.
ബേത്തൂർപാറ മേഖലാ സെക്രട്ടറി വി.രാഗേഷ്, പ്രസിഡൻറ് കെ.അനീഷ്കുമാർ, പ്രവർത്തകരായ എം.സരിത്, എം.കെ.ശ്രീധരൻ എന്നിവരാണ് സംസ്കാരത്തിൽ പങ്കെടുത്തത്. വ്യക്തിസുരക്ഷാവസ്ത്രം ഉൾപ്പെടെയുള്ള സുരക്ഷാമാർഗങ്ങൾ ധരിച്ചാണ് മൃതദേഹം ഏറ്റുവാങ്ങി സംസ്കാരം നടത്തിയത്. പഞ്ചായത്തംഗം കെ.മണികണ്ഠൻ, ഹെൽത്ത് ഇൻസ്പെക്ടർ പ്രീത, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർ നേതൃത്വംനൽകി.