രോഗികൾക്ക് കൈത്താങ്ങായി ആസ്പത്രികളിലേക്ക് കെ എസ് ആർ ടി സി സർക്കുലർ ബസ് സർവീസ് തുടങ്ങി
കാഞ്ഞങ്ങാട് : വിവിധ ചികിത്സകൾക്ക് ജില്ലാ ആശുപത്രി യെ ആശ്രയിച്ചിരുന്നവരെചേർത്തുപിടിച്ച് കാഞ്ഞങ്ങാട് മേഖലയിലെ ആസ്പത്രികൾ കേന്ദ്രീകരിച്ച് കെ.എസ്.ആർ.ടി.സിയുടെ സർക്കുലർ ബസ് സംവിധാനം തുടങ്ങി.
ജില്ലാ ആസ്പത്രി കോവിഡ് ആസ്പത്രിയാക്കിയതിനാൽ ഇവിടത്തെ സൗകര്യം വിവിധ ആസ്പത്രികളിലേക്ക് മാറ്റിയിരുന്നു. ഇതിൽ ഏറ്റവുമധികം ഒ.പി. പ്രവർത്തിക്കുന്നത് നീലേശ്വരം താലൂക്ക് ആസ്പത്രിയിലും പെരിയ സി.എച്ച്.സി.യിലുമാണ്.
ഈ രണ്ട് സ്ഥലത്തേക്കുമാണ് ആദ്യഘട്ടത്തിൽ സർക്കുലർ ബസ് സംവിധാനം ഏർപ്പെടുത്തിയത്.
രണ്ടു ബസുകളും കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ വരുന്നുവെന്നതിനാൽ പ്രസവശുശ്രൂഷയ്ക്കായി സൗകര്യമൊരുക്കിയ കാഞ്ഞങ്ങാട് ലക്ഷ്മി മേഘാൻ ആസ്പത്രിയിലെത്തുന്നവർക്കും ഇത് സൗകര്യമായി.
കാഞ്ഞങ്ങാട് ഡിപ്പോയുടെ ചുമതല വഹിക്കുന്ന പയ്യന്നൂർ ഡി.ടി.ഒ. കെ.യൂസഫ് സർക്കുലർ ബസ് സർവീസിന്റെ ഫ്ളാഗ് ഓഫ് നിർവഹിച്ചു. ഡിപ്പോയിൽ നടന്ന ചടങ്ങിൽ ഡി.ടി.ഒ. യിൽനിന്ന് കണ്ടക്ടർ എം.വി.ഷൈജു ടിക്കറ്റ് മെഷീൻ ഏറ്റുവാങ്ങി. കാഞ്ഞങ്ങാട് ഡിപ്പോ സൂപ്രണ്ട് കെ.ടി.പി.മുരളീധരൻ, അസി. ഡിപ്പോ എൻജിനീയർ വി.രാജൻ, ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ പി.കുഞ്ഞിക്കണ്ണൻ, കൺട്രോളിങ് ഇൻസ്പെക്ടർ എം.രാധാകൃഷ്ണൻ, കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു.) കോഴിക്കോട് സോണൽ കൺവീനർ എം.ലക്ഷ്മണൻ, ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി.) ജില്ലാ പ്രസിഡന്റ് എം.വി.പദ്മനാഭൻ, സെക്രട്ടറി കെ.പി.വിശ്വനാഥൻ, ഡ്രൈവർ എം.ജെ.ജോണി എന്നിവർ സംബന്ധിച്ചു.
ജില്ലാ കളക്ടർ ഡോ. ഡി.സജിത്ബാബു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി.രാംദാസ്, കെ.എസ്.ആർ.ടി.സി.ഡയറക്ടർ ടി.കെ.രാജൻ എന്നിവരുടെ ഇടപെടൽ സർക്കുലർ ബസ് സംവിധാനമെന്ന ആശയത്തെ വേഗത്തിൽ കാര്യക്ഷമമാക്കുകയായിരുന്നു.