പകല്‍ സഹായിയായി രാത്രിയിലെത്തി ഉറങ്ങിക്കിടന്ന 12കാരിയെ പീഡിപ്പിച്ച് മുങ്ങി പ്രതി
അറസ്റ്റില്‍
കൊല്ലം: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍പോയ പ്രതിയെ പിടികൂടി. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. കടമ്പനാട് സ്വദേശി ഹരിചന്ദ്രനെ ആണ് മാറനാട് മലയില്‍ നിലയില്‍ നിന്ന് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കടമ്പനാട് തുവയൂര്‍ സ്വദേശിയാണ് കുട്ടപ്പന് എന്നു വിളിക്കുന്ന ഹരിചന്ദ്രനെന്ന് പൊലീസ് പറഞ്ഞു.
ശാസ്താംകോട്ടയില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ 12 വയസു മാത്രമുള്ള പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഈ മാസം 18നായിരുന്നു സംഭവം. വാടകയ്ക്ക് താമസിക്കാനായി എത്തിയതായിരുന്നു കുടുംബം. പകല്‍ സഹായിയായി ഒപ്പം കൂടുകയായിരുന്നു ഇയാള്‍.
വീട്ടുസാമഗ്രികള്‍ വാഹനത്തില്‍ നിന്ന് ഇറക്കിവെക്കാനും മറ്റും ഇയാള്‍ കുടുംബത്തെ സഹായിച്ചു. ഇതോടെ കുടുംബത്തിന്റെ വിശ്വാസ്യത പിടിച്ചുപറ്റി. വീട്ടിലെ സാഹചര്യങ്ങള്‍ മനസിലാക്കിയ ശേഷം മടങ്ങിപ്പോവുകയും ചെയ്തു. രാത്രി ഒരു മണിയോടെ ഇയാള്‍ വീണ്ടും എത്തുകയായിരുന്നു.
പെണ്‍കുട്ടി ഉറങ്ങുന്ന മുറിയുടെ വാതില്‍ പുറത്തുനിന്ന് തുറന്ന് അകത്ത് കയറിയാണ് കുട്ടിയെ ഉപദ്രവിച്ചത്. രാത്രിയായതിനാല്‍ ഉപദ്രവിച്ച ആളെ തിരിച്ചറിയാന്‍ കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് മുറ്റത്ത് പതിഞ്ഞിരുന്ന കാല്പാടുകള് ശ്രദ്ധിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹരിചന്ദ്രനാണ് ഈ ക്രൂരത ചെയ്തതെന്ന് കണ്ടെത്തിയത്.
പൊലീസ് തിരിച്ചറിഞ്ഞെന്ന് മനസിലാക്കിയതോടെ ഇയാള്‍ ഒളിവില്‍ പോയി. മാറനാട് മലയില്‍ ഒളിവില്‍ കഴിഞ്ഞ ഇയാളെ കഴിഞ്ഞ ദിവസം രാത്രിയാണ് പിടികൂടിയത്. ശാസ്താംകോട്ട എസ് ഐ അനീഷിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.