ഹലോ… കെ ഫോണ്‍ ഇവിടെയും റെഡിയാകുന്നു മുന്നിലെത്തി കാസർകോട്
കാഞ്ഞങ്ങാട്:ഇന്ത്യക്കാകെ മാതൃകയായ രാജ്യത്ത് ആദ്യത്തേതും ശക്തവുമായ ഇന്റര്‍നെറ്റ് ശൃംഖല കെ ഫോണ്‍ സംസ്ഥാനത്ത് ഡിസംബറില്‍ യാഥാര്‍ഥ്യമാകുമ്പോള്‍ മുന്നില്‍ കുതിച്ച് ഒന്നാമതെത്താൻ കാസര്‍കോട്. കെഎസ്ഇബി വൈദ്യുതി തൂണുകളിലൂടെ കേബിള്‍ വലിക്കുന്ന ജോലി ഇതിനായി അതിവേഗത്തിലാണ് നടക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 790 കിലോമീറ്റര്‍ കേബിള്‍ കണക്ഷന് സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടത്. ഇതില്‍ 557 കിലോമീറ്റര്‍ ദൂരത്തില്‍ കേബിള്‍ വലിച്ചുകഴിഞ്ഞു. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നതോടൊപ്പം സ്കൂള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ മുതലായ പൊതുസ്ഥാപനങ്ങള്‍ക്കും കണക്ഷന് ലഭിക്കും. വിവിധ കേന്ദ്രങ്ങളില്‍ വൈഫൈ സ്പോട്ടുകളും സ്ഥാപിക്കും.
ഇന്റര്‍നെറ്റിനുള്ള അവകാശം പൗരന്മാരുടെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത 1500 കോടി രൂപ മുതല്‍ മുടക്കുള്ളതാണ് കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് പദ്ധതി. എല്ലാവര്ക്കും താങ്ങാവുന്ന നിരക്കില്‍ ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 10 ലക്ഷത്തോളം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കണക്ഷന് സൗജന്യമായിരിക്കും. കേരള സ്റ്റേറ്റ് ഐടി ഇന്ഫ്രാസ്ക്ട്രച്ചര് ലിമിറ്റഡും കെഎസ്ഇബിയും യോജിച്ചാണ് കെ ഫോണ്‍ നടപ്പാക്കുന്നത്. 20 ലക്ഷം വീടുകളിലും 30,000 ത്തിലധികം സര്‍ക്കാര്‍ ഓഫീസുകളിലും ചുരുങ്ങിയ ചെലവില്‍ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന് നല്‍കും. കണക്ഷന് ലഭ്യമാക്കേണ്ട ഓഫീസുകളുടെ കണക്കെടുപ്പ് പൂര്‍ത്തിയായി. സംസ്ഥാനത്ത് 5617 കിലോമീറ്റര്‍ ദൂരം കേബിള്‍ സ്ഥാപിച്ച് 8693 ഓഫീസുകളിലേക്ക് കേബിളുകള്‍ എത്തിച്ചു കഴിഞ്ഞു.
കേബിള്‍ ടിവി കണക്ഷന് കൂടി ഇതിലൂടെ ലഭ്യമാകുമ്പോള്‍ ബാര്‍ക്ക് റേറ്റിങ്ങിനേക്കാള്‍ മികച്ച ടെലിവിഷന്‍ ഡാറ്റ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകും. പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് എന്നത് മാത്രമല്ല കെ -ഫോണിന്റെ പ്രത്യേകത. ഡാറ്റയുടെയും ഇന്റര്‍നെറ്റിന്റെയും മേലുള്ള കോര്‍പറേറ്റ് മോഡലിന് ലോകത്ത് ഇന്നേവരെയില്ലാത്ത ബദല്‍ പദ്ധതിയാണിത്. നിലവില്‍ 30,000 കിലോമീറ്റര്‍ മാത്രമാണ് സംസ്ഥാനത്ത് ഏറ്റവുമധികം ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിച്ച സ്വകാര്യ കമ്പനിക്ക് എത്താനായത്. കെ ഫോണില്‍ വിദൂരമായ പ്രദേശങ്ങളില്‍പോലും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ എത്തും. 50,000 കിലോമീറ്ററാണ് ആദ്യഘട്ടം ലക്ഷ്യമിടുന്നത്.