കാസര്‍കോട് ജില്ലയുടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന പുനരാരംഭിക്കാന്‍ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
കാസർകോട് : കാസര്‍കോട് ജില്ലയുടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന പുനരാരംഭിക്കാന്‍ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷത വഹിച്ചു. കേരള ഹൈക്കോടതി വിധി അനുസരിച്ച് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റില്‍ കുറവ് വരാത്ത സാഹചര്യത്തില്‍ കോവിഡ് നിര്‍വ്യാപനം ലക്ഷ്യമിട്ടുള്ള പരിശോധനയാണ് നടത്തുക. എന്നാല്‍ അതിര്‍ത്തികളില്‍ ആരെയും തടയില്ല. ബാരിക്കേഡ് സ്ഥാപിക്കുകയോ ഗതാഗതം തടയുകയോ പ്രത്യേക പാസ് ഏര്‍പ്പെടുത്തുകയോ ഇല്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കാസര്‍കോട് ജില്ലയില്‍ വരുന്നവര്‍ കോവിഡ് 19 ജാഗ്രത വെബ് പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. ഇത് ഉറപ്പു വരുത്താന്‍ പരിശോധിക്കും. കോ വിഡ് പരിശോധന സൗകര്യവും ഒരുക്കും.
തലപ്പാടി ചെക്ക് പോസ്റ്റില്‍ പോലീസ്, റവന്യു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധന അതിര്‍ത്തിയിലെ 16 റോഡുകളില്‍ കൂടി പുനരാരംഭിക്കും. പോലീസിന് പുറമേ, വനം, അഗ്നിശമന രക്ഷാ സേന എക്സൈസ് തുടങ്ങിയ യൂനിഫോം ധരിക്കുന്ന ഉദ്യോഗസ്ഥരെ ഇവിടങ്ങളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കും. ഇടുക്കി, വയനാട്, തിരുവനന്തപുരം ജില്ലാ അതിര്‍ത്തികള്‍ ഇതുവരെ തുറന്നു കൊടുത്തിട്ടില്ല. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ ഹൈക്കോടതി വിധി പ്രകാരം കോവിഡ് രോഗ വ്യാപനം നിയന്ത്രിക്കാന്‍ അതിര്‍ത്തി കടന്നു വരെ പരിശോധന വിധേയമാക്കും. ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും പരിശോധനയുണ്ടാകും..