രാത്രി വൈകിയും ഫോണില്‍ സംസാരം മാതാപിതാക്കള്‍ വഴക്കുപറഞ്ഞതിന് യുവാവ് തീകൊളുത്തി
ജീവനൊടുക്കി
പെരുവ : രാത്രി ഏറെ വൈകി ഫോണില്‍ സംസാരിച്ചിരുന്നതിന് മാതാപിതാക്കള്‍ വഴക്കു പറഞ്ഞതോടെ വീടുവിട്ട യുവാവ് തീകൊളുത്തി ജീവനൊടുക്കി. പെരുവ ആറാക്കല്‍ ജോസഫ് ലൈസാ ദമ്പതികളുടെ മകന് ലിഖില്‍ ജോസഫ് (28) ആണ് തീകൊളുത്തി മരിച്ചത്.
ഒഇഎന്‍ ഇന്ത്യ ലിമിറ്റഡ് ജീവനക്കാരനായ ലിഖില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടോടെ വീടിന്റെ മുകള്‍നിലയിലെ മുറിയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശബ്ദം കേട്ട് മുറിയിലെത്തിയ പിതാവ് ജോസഫ് ലിഖിലിന്റെ കൈയില്‍ നിന്നു ഫോണ്‍ പിടിച്ചുവാങ്ങുകയും ഉറങ്ങാന്‍ പറയുകയും ചെയ്തെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്ന് വീട്ടുകാരോടു വഴക്കിട്ട് ലിഖില്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി.
രാവിലെ അഞ്ചോടെ പെരുവ നരസിംഹസ്വാമി ക്ഷേത്രത്തിനും തടിമില്ലിനും സമീപം ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ ലിഖിലിനെ കണ്ടെത്തുകയായിരുന്നു. ലിഖില്‍ വീടുവിട്ടു പോയതോടെ വീട്ടുകാര്‍ വെള്ളൂര്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നു. വീട്ടുകാരും പൊലീസും അന്വേഷിക്കുന്നതിനിടയിലാണ് യുവാവിനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
എറണാകുളത്തെ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സംസ്കാരം ഇന്ന് 5 ന് അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. സഹോദരങ്ങള്‍: ജിഞ്ചു ജോസഫ്, ലിനു ജോസഫ്.