ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യൂ അവര്‍ നിങ്ങളെ അയോദ്ധ്യയില്‍ കൊണ്ടുപോകും ബീഹാര്‍ പിടിക്കാന്‍ പുത്തന്‍ നമ്പരുകളുമായി യോഗി ആദിത്യനാഥ്
പാറ്റ്ന: ‘ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യൂ. അവര്‍ എം എല്‍ എമായാരായാല് ഉറപ്പായും നിങ്ങളെ അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ ദര്‍ശനത്തിനായി കൊണ്ടുപോകും’- നിയമസഭയിലേക്ക് ഉടന്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറിലെ വോട്ടര്‍മാര്‍ക്കുളള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാഗ്ദ്ധാനമാണിത്. രാമക്ഷേത്രവും ഭീകരതക്കെതിരെയുളള പോരാട്ടാവും, സര്‍ജിക്കല്‍ സ്ട്രൈക്കും, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമുള്പ്പടെ വോട്ടര്‍മാരിലേക്ക് എത്തിച്ച് എന്‍ ഡി എയ്ക്ക് സംസ്ഥാന ഭരണം ഉറപ്പിക്കുകയാണ് ബി ജെ പിയുടെ താരപ്രചാരകനായ യോഗിയുടെ ലക്ഷ്യം. അതിനുളള മാര്‍ഗമാണ് ഭക്തിയും കേന്ദ്രത്തിന്റെ നേട്ടങ്ങളും കൂട്ടിക്കലര്‍ത്തിയുളള യാേഗിയുടെ പ്രസംഗങ്ങള്‍. ഒക്ടോബര്‍ 28ന് നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിനുമുമ്പ് നടക്കുന്ന പന്ത്രണ്ടോളം റാലികളില്‍ യാേഗി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.’രാജ്യത്ത് ഭീകരവാദം അവസാനിപ്പിച്ചത് മോദി സര്‍ക്കാരാണ്. ഇന്ത്യന്‍ മണ്ണില്‍ ഭീകരത വളര്‍ത്താന്‍ കഴിയില്ലെന്ന് ഇപ്പോള്‍ പാകിസ്ഥാന് തിരിച്ചറിഞ്ഞു. ഇന്ത്യയുടെ ശക്തമായ നടപടികളാണ് അതിനുകാരണം. അധികാരത്തിലെത്തിയാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന് ബി ജെ പി പഞ്ഞു. നരേന്ദ്രമോദി ആ വാഗ്ദ്ധാനം നടപ്പാക്കി. യാതൊരു വേര്‍തിരിവും കാണിക്കാതെ മോദി പാവങ്ങള്‍ക്ക് വീടുകള്‍ നല്കി’- കേന്ദ്രത്തിന്റെ നേട്ടങ്ങളെക്കുറിച്ച് യോഗി പറയുന്നു.സംസ്ഥാനത്തിന്റെ വികസനവും യോഗി തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ‘നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് സംസ്ഥാനത്തിന്റെ സ്ഥിതി എന്താണെന്ന് നിങ്ങള്‍ക്ക് അറിയാം. ജനങ്ങളുടെ താത്പര്യപ്രകാരമാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. യാതൊരുതരത്തിലുളള വേര്‍തിരിവും സര്‍ക്കാര്‍ കാണിക്കുന്നില്ല. മോദിയും നിതീഷ് കുമാറും ചേര്‍ന്ന് ബീഹാറിലെ പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷനും ഗ്യാസ് കണക്ഷനും ജോലിയും നല്‍കും’-വോട്ടര്‍മാര്‍ക്ക് യോഗി ഉറപ്പുകൊടുത്തു. പേരെടുത്തുപറയാതെ ലാലുപ്രസാദിനെയും പ്രതിപക്ഷത്തെയും അദ്ദേഹം കളിയാക്കുകയും ചെയ്തു. കാലിത്തീറ്റ കഴിക്കുന്നവരെ ബീഹാറിലെ ജനങ്ങള്തളളിക്കളയുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കാലിത്തീറ്റ കുംഭകോണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയായ ലാലുപ്രസാദ് യാദവ്. ഇക്കാര്യത്തെയാണ് അദ്ദേഹം സൂചിപ്പിച്ചത്.ബീഹാറില്‍ ജയിക്കാം എന്നുതന്നെയാണ് എന്‍ ഡി എയുടെ പ്രതീക്ഷ. എന്നാല്‍ ചിരാഗസ് പസ്വാന് പ്രതിപക്ഷത്തോട് അടുക്കുന്നു എന്നുളള അഭ്യൂഹം എന്‍ ഡി എയ്ക്ക് ചെറിയതോതില്‍ അങ്കലാപ്പ് സൃഷ്ടിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.