തദ്ദേശ തിരഞ്ഞെടുപ്പ് ജോസ് വിഭാഗത്തെ ഉള്‍പ്പെടുത്തി സീറ്റ് വിഭജനം മാർഗ്ഗരേഖ പുറത്തിറക്കി
സി.പി.എം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്- ജോസ് കെ.മാണി വിഭാഗത്തെയും ഉള്‍പ്പെടുത്തി സീറ്റ് വിഭജനത്തിന് സി.പി.എം നിര്‍ദ്ദേശം. നിലവിലെ എല്‍.ഡി.എഫ് സമിതികള്‍ ജോസ് വിഭാഗക്കാരെ ഉള്‍പ്പെടുത്തി പുന:സംഘടിപ്പിക്കാനും പാര്‍ട്ടി സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങളോട് നിര്‍ദ്ദേശിച്ചു.തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ച് വിജയിച്ചവരെയും, പാര്‍ട്ടി ലോക്കല്‍, ഏരിയ സെക്രട്ടറിമാരെയും സ്ഥാനാര്‍ത്ഥികളായി പരിഗണിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ഇതില്‍ ഇളവിന് ജില്ലാ സെക്രട്ടേറിയറ്റ് അനുവദിക്കണം. ഇളവിന്റെ കാര്യം കീഴ്കമ്മിറ്റികള്‍ ഉപരി കമ്മിറ്റികളെയും അവര്‍ ജില്ലാകമ്മിറ്റിയെയും അറിയിക്കണം. മാനദണ്ഡം ജയസാദ്ധ്യതയാവണം. കാര്യപ്രാപ്തരും പൊതുരംഗത്ത് കഴിവ് തെളിയിച്ചവരുമായ സ്ത്രീകളെയും, പട്ടികജാതി-വര്‍ഗക്കാരെയും അവരുടെ സംവരണ സീറ്റുകളിലേക്ക് മാത്രമായി ഒതുക്കരുത്. കഴിവുള്ളവരെ ജനറല്‍ സീറ്റുകളിലേക്കും പരിഗണിക്കണം. പുതുമുഖങ്ങളെയും ചെറുപ്പക്കാരെയും പരമാവധി പരിഗണിക്കണം..യുവതീയുവാക്കള്‍ക്ക് മതിയായ പ്രാതിനിദ്ധ്യമുറപ്പാക്കണം.കോര്‍പ്പറേഷനുകളിലും നഗരസഭകളിലും വനിതാ മേയര്‍, ചെയര്‍പേഴ്സണ്‍ സംവരണമാണെങ്കില്‍ അതിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അവധാനതയോടെയാവണം. സര്‍ക്കാര്‍, പൊതുമേഖലയില്‍ നിന്ന് വിരമിച്ച സ്ത്രീകളെ സ്ഥാനാര്ത്ഥകളാക്കുന്നതിന് അപ്പാടെ വഴങ്ങിക്കൊടുക്കരുത്. പാര്‍ട്ടിയിലും വര്‍ഗ്ഗ ബഹുജനസംഘടനകളിലും കഴിവ് തെളിയിച്ചവര്ക്കാകണം പരിഗണന. പൊതുസമ്മതരായ സ്വതന്ത്രരെയും ജയസാദ്ധ്യത നോക്കി പരിഗണിക്കണം. താഴെത്തട്ടില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷവും പ്രവര്‍ത്തനത്തില്‍ വിരക്തിയുമുണ്ടാകുന്ന തരത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മാറരുത്.